‘കളി തോറ്റിട്ടും എഴുന്നേറ്റുപോകാത്ത ചൂതാട്ടക്കാരൻ, ബോസിനെ കാര്യം പറഞ്ഞ് ബോധിപ്പിക്കൂ..’; ജെ.ഡി വാൻസിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ

തെഹ്‌റാൻ: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന യു.എസ് വൈസ് പ്രസിഡന്റിന്റെ വിലയിരുത്തലിനെ പരിഹസിച്ച് ഇറാൻ രംഗത്ത്. മേശപ്പുറത്ത് തോൽക്കുമെന്ന് ഉറപ്പായിട്ടും കളി നിർത്താൻ കഴിയാത്ത ചൂതാട്ടക്കാരന്റേതിന് തുല്യമാണ് നിലവിൽ നിങ്ങളുടെ അവസ്ഥയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് തുറന്നടിച്ചു. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുമ്പിൽ ഈ യാഥാർഥ്യം തുറന്നുപറയാൻ വാൻസ് തയാറാകണമെന്നും നിങ്ങളുടെ ബോസ് അടുത്ത ഘട്ട യുദ്ധത്തിനുള്ള തയാറെടുപ്പിലാണ് എന്നും ഖാലിബാഫ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.

"കളി തോറ്റിട്ടും മേശ വിട്ട് എഴുന്നേറ്റുപോകാത്ത ചൂതാട്ടക്കാരന്റെ ഭാവമാണ്. അമേരിക്ക ഇസ്രായേൽ അനുകൂല നയത്തിന്റെ വക്കിൽ തപ്പിത്തടയുമ്പോൾ, നിങ്ങളുടെ ബോസ് അടുത്ത ഘട്ട യുദ്ധത്തിനുള്ള തയാറെടുപ്പിലാണ്. ഉപദേശങ്ങൾ നിർത്തിവെക്കൂ, ഈ കാര്യം നിങ്ങളുടെ ബോസിനോട് നേരിട്ട് ബോധിപ്പിക്കൂ..?" എന്നായിരുന്നു ഖാലിബാഫിന്റെ എക്സ് പോസ്റ്റ്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച സൈനികാക്രമണത്തെതുടർന്നുണ്ടായ യുദ്ധം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. "പരാജയം വിലകൊടുത്തു വാങ്ങിയതാണോ" എന്ന് വാൻസ് സംശയം പ്രകടിപ്പിച്ചിരുന്നു. "നാം തോൽക്കാനുള്ള യഥാർഥ കാരണം യുദ്ധമാണ്, അത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും വ്യക്തമാക്കിയതാണ്" എന്നായിരുന്നു വാൻസിന്റെ പ്രതികരണം. അടുത്ത ആറു വർഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് വലിയ വിലയാണെന്ന് ബോധ്യമുണ്ടോ എന്ന വാൻസിന്റെ ചോദ്യത്തിനാണ് ഖാലിബാഫിന്റെ മറുപടി.

പൊതുവേദികളിലെ പ്രസംഗങ്ങളും ഉപദേശങ്ങളും അവസാനിപ്പിച്ച് വാൻസ് കാര്യത്തിലേക്ക് കടക്കണമെന്നും, അമേരിക്കൻ പ്രസിഡന്റായ നിങ്ങളുടെ മേലധികാരിയോട് ഈ സത്യം തുറന്നുപറയാൻ ആർജവം കാണിക്കണമെന്നും ഖാലിബാഫ് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തിരുന്നു. ടെക്സാസ്, ഒഹായോ, ജോർജിയ തുടങ്ങിയ നിർണായക സംസ്ഥാനങ്ങളിൽ ഗവർണർ പദവികൾ നേടിയെടുത്ത ഡെമോക്രാറ്റുകൾ ഫെഡറൽ-സംസ്ഥാന തലങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.

Tags:    
News Summary - Iran Parliament Speaker Blasts JD Vance: "Gambler Refusing to Leave the Table, Go Tell Your Boss the Truth"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.