ഓട്ടവ: ഇറക്കുമതി തീരുവ കൂട്ടി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ട തീരുവയുദ്ധത്തെ ശക്തമായി നേരിടാനുറച്ച് ചൈനയും കാനഡയും. യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപന്നങ്ങൾക്ക് സമാനമായി കാനഡ 25 ശതമാനം നികുതി പ്രഖ്യാപിച്ചിട്ടുണ്ട്.
21 ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനേക ഇരട്ടി നികുതി കൂടുതലായി ചുമത്തുമെന്നും കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒന്റാറിയോ, ക്യൂബെക്ക് എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം കനേഡിയൻ പ്രവിശ്യകള്‍ യു.എസ് മദ്യത്തിന് വിലക്കേർപ്പെടുത്തി. അമേരിക്കന്‍ മദ്യം ഔട്ട്ലറ്റുകളില് നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. എല്‍.സി.ബി.ഒ നടത്തുന്ന സ്റ്റോറുകള്‍ ഓരോ വര്‍ഷവും ഏകദേശം 100 കോടി കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള യു.എസ് മദ്യ ഉൽപന്നങ്ങൾ വില്‍ക്കുന്നുണ്ടെന്ന് ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, യുദ്ധമാണ് യു.എസ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതിനും തയാറാണെന്ന് ചൈന. തീരുവ യുദ്ധമാണെങ്കിലും വ്യാപാരയുദ്ധമാണെങ്കിലും ചൈന തയാറാണ്. അവസാനം കാണുന്നതുവരെ പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു.
യു.എസ് ചൈനക്കുമേൽ 10 ശതമാനം അധിക തീരുവ ചുമത്തിയതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റെ പ്രതികരണം. ഭീഷണി ഞങ്ങളുടെയടുത്ത് വിലപ്പോകില്ല. ചൈനയുമായി ഒരു പ്രശ്നം ചർച്ച ചെയ്യുന്നതിനുള്ള നല്ല വഴി ഇതല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മുന്നറിയിപ്പ് നൽകി.
നിയമവിരുദ്ധ കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് കാനഡക്കും മെക്സികോക്കും ട്രംപ് 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അധിക തീരുവ നിലവില്‍വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.