വാഷിങ്ടൺ: വർഷാവസാനം പ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾ മറികടക്കാൻ വോട്ടർ പട്ടിക ശുദ്ധീകരണ നീക്കവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപെന്ന് വിമർശനം. തനിക്കെതിരെ വോട്ടു ചെയ്യാൻ സാധ്യതയുള്ള മേഖലകളിൽ ‘വോട്ടർ പട്ടിക ശുദ്ധീകരണ യജ്ഞം’ നടപ്പാക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ രോഷം പുകയുകയാണ്.

എല്ലാ അമേരിക്കക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് തന്റെതായ പൗരന്മാരുടെ പട്ടിക തയാറാക്കുകയാണ് ട്രംപെന്ന് ഡെമോക്രാറ്റിക് മേൽക്കൈയുള്ള അരിസോണയിലെ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയൻ ഫോണ്ടെസ് കുറ്റപ്പെടുത്തി. എല്ലാ യു.എസ് പൗരന്മാരുടെയും വിവരങ്ങൾ കേന്ദ്രീകൃത ഡേറ്റാബേസിലാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ‘‘തനിക്കിഷ്ടമല്ലാത്തവരെ രാജ്യത്തിന്റെ ശത്രുവായി ട്രംപിന് പ്രഖ്യാപിക്കാൻ ഇതുവഴിയാകു’’മെന്നും ഫോണ്ടസ് പറയുന്നു. തന്റെ എതിരാളികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലും അടിയന്തര ആരോഗ്യ പരിരക്ഷാ സേവനങ്ങൾ വരെ റദ്ദാക്കലുമടക്കം രാജ്യത്ത് അപ്പാർത്തീഡ് നടപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

50 സംസ്ഥാനങ്ങളിലെയും വോട്ടർ ലിസ്റ്റ് സമർപ്പിക്കണമെന്ന് ട്രംപ് ഭരണകൂടത്തിനു കീഴിലെ നീതിന്യായ വകുപ്പ് ഉത്തരവിട്ടിരുന്നു. വിസമ്മതിച്ച 30 സംസ്ഥാനങ്ങൾക്കെതിരെ വകുപ്പ് കോടതി കയറി. ഒടുവിൽ 13 സംസ്ഥാനങ്ങൾകൂടി കീഴടങ്ങിയെങ്കിലും ഫോണ്ടസിന്റെ അരിസോണക്ക് പുറമെ കാലിഫോർണിയ, മിഷിഗൻ, മസാചൂസറ്റ്സ്, റോഡ് ഐലൻഡ് എന്നിവിടങ്ങളിലും വകുപ്പിനെതിരായാണ് കോടതി വിധിവന്നത്.

വിവിധ സംസ്ഥാനങ്ങളിൽ ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ വോട്ടർമാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുന്നത് തുടരുകയാണ്. ഡെമോക്രാറ്റുകൾ ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഇതിനോട് സഹകരണം കുറയുന്നതാണ് കോടതി നടപടികളിലേക്ക് നീങ്ങുന്നത്. മുമ്പ്, തീവ്രവാദ വിരുദ്ധ പ്രവർത്തനം, അതിർത്തി സുരക്ഷ, കുടിയേറ്റ നിയമം തുടങ്ങിയ വിഷയങ്ങളായിരുന്നു ആഭ്യന്തര സുരക്ഷാ വിഭാഗം പരിഗണിച്ചിരുന്നത്. വോട്ടർമാരുടെ വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ മുമ്പൊരിക്കലും ഈ വകുപ്പ് അന്വേഷിച്ചിരുന്നില്ലെന്ന് ഒഹായോ സ്റ്റേറ്റിലെ ഫ്രാങ്ക്ളിൻ കൗണ്ടി തെരഞ്ഞെടുപ്പ് ഡയറക്ടർ ആന്റണി വൈറ്റ് പറഞ്ഞു.

സ്റ്റേറ്റുകളും തദ്ദേശ ഭരണകൂടങ്ങളും നടത്തിയിരുന്ന തെരഞ്ഞെടുപ്പ് നേരിട്ട് ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ തുടർച്ചയാണിതെന്നാണ് സംസ്ഥാനങ്ങളുടെ ഡെമോക്രാറ്റ് ഭരണമുള്ള പരാതി. ഒഹായോയിൽ മാത്രം എട്ട് കൗണ്ടികളിൽനിന്ന് ഫെഡറൽ ഉദ്യോഗസ്ഥർ വോട്ടുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊളറാഡോയിൽ വോട്ടിങ് മെഷീനുകളിലെ വിവരങ്ങൾ ട്രംപ് സർക്കാർ സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ തേടിയതായും വിവരങ്ങളുണ്ട്. തെരഞ്ഞെടുപ്പ് പൂർണമായി ഫെഡറൽ അധികാരപരിധിയിലാക്കാൻ പ്രസിഡന്റ് ട്രംപ് നേരത്തേ താൽപര്യം പരസ്യമാക്കിയതാണ്. ഇതിന്റെ ഭാഗമായി വോട്ടർ രജിസ്ട്രേഷൻ പട്ടിക ശേഖരിച്ച് ആഭ്യന്തര സുരക്ഷ വിഭാഗത്തിന്റെ പരിശോധന നടത്തി യോഗ്യത ഉറപ്പാക്കുകയാണ് ശ്രമം.

Tags:    
News Summary - Trump's 'SIR' in the US; Criticized for being racist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.