‘നിരുപാധികം കീഴടങ്ങണം, ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം’ -ഇറാന് ട്രംപിന്‍റെ ഭീഷണി; യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ അമേരിക്ക?

വാഷിങ്ടണ്‍: ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക കക്ഷിചേരുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനോട് നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട ട്രംപ്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും പറഞ്ഞു.

ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ‘പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അവിടെ സുരക്ഷിതനാണ്. അദ്ദേഹത്തെ ഇല്ലാതാക്കാൻ ഞങ്ങള്‍ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്’ -ട്രംപ് കുറിച്ചു.

തൊട്ടടുത്ത പോസ്റ്റിലാണ് ‘നിരുപാധികം കീഴടങ്ങണം’ എന്ന് പറയുന്നത്. ഇറാന്റെ ആകശത്തിന്മേല്‍ തങ്ങള്‍ക്ക് സമ്പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് നിരവധി സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ഉണ്ടായിരുന്നു, എന്നാല്‍ അത് അമേരിക്ക നിര്‍മിച്ചതുമായി കിടപിടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഇറാനിലെ ആക്രമണത്തിൽ യു.എസ് യുദ്ധവിമാനങ്ങളും പങ്കാളികളായതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഇറാൻ- ഇസ്രായേൽ വെടിനിർത്തൽ മുഖ്യപ്രമേയമായ ജി7 ഉച്ചകോടിയിൽനിന്ന് ഡോണൾഡ് ട്രംപ് ഒരുദിവസം നേരത്തേ മടങ്ങിയത് ശ്രദ്ധേയമായി. വെടിനിർത്തലല്ല, അതിനെക്കാൾ വലിയത് കാണാനിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വാഷിങ്ടണിലേക്ക് മടക്കം. യു.എസ് ദേശീയ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിൽ യു.എസ് കൂടുതൽ സജീവമായി ഇടപെടാൻ ഒരുങ്ങുന്നുവെന്ന സൂചന നൽകിയാണ് പുതിയ നീക്കങ്ങൾ. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽനിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്നും ഇറാൻ ആണവകരാർ നേരത്തേ ഒപ്പിടണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇനി ആണവ ചർച്ചകൾക്കില്ലെന്ന് ഇറാൻ അറിയിച്ചു. അതിനിടെ, ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കാനായി ഈ മാസം 22ന് തെൽഅവിവിലേക്ക് പുറപ്പെടാനിരുന്ന യു.എസ് പ്രതിനിധി സഭ സ്പീക്കർ മൈക് ജോൺസൺ യാത്ര റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ, മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ നേരിട്ട ദുർവിധിയാണ് ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയെയും കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിൽ എത്തിയ കാറ്റ്സ് അതിനു ശേഷം മാധ്യമപ്രവർത്തകർക്ക് മുമ്പിലാണ് ഭീഷണി മുഴക്കിയത്.

Tags:    
News Summary - Trump Warns Iran Through Social Media Posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.