വാഷിങ്ടൺ: മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള തന്റെ നിർദ്ദേശം മാർച്ച് നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആ രാജ്യങ്ങളിൽ നിന്ന് യു.എസിലേക്ക് മയക്കുമരുന്ന് ഇപ്പോഴും ഒഴുകിയെത്തുന്നതാണ് നികുതി ചുമത്താൻ കാരണമെന്നും ട്രംപ് ആരോപിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി നാലിന് ചുമത്തിയ 10 ശതമാനം തീരുവയ്ക്ക് പുറമേ 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
വളരെ ഉയർന്നതും അസ്വീകാര്യവുമായ അളവിൽ മയക്കുമരുന്ന് ഇപ്പോഴും യു.എസിലേക്ക് ഒഴുകുന്നുണ്ടെന്നും അവയിൽ വലിയൊരു ശതമാനവും മാരകമായ ഒപിയോയിഡ് ഫെന്റനൈൽ ആണെന്നും ട്രംപ് പറഞ്ഞു.
'ഈ മഹാമാരി അമേരിക്കയെ ദോഷകരമായി ബാധിക്കുന്നത് തുടരാൻ ഞങ്ങൾ അനുവദിക്കില്ല. അതിനാൽ, അത് അവസാനിക്കുന്നതുവരെ, അല്ലെങ്കിൽ പരിമിതപ്പെടുത്തുന്നതുവരെ മാർച്ച് നാലിന് പ്രാബല്യത്തിൽ വരാൻ പോകുന്ന തീരുവ തുടരും.' ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. കനേഡിയൻ, മെക്സിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച ആശയക്കുഴപ്പങ്ങളാണ് ട്രംപ് പ്രസ്താവനയിലൂടെ നീക്കിയത്.
ട്രംപിന്റെ 'പരസ്പര നികുതികൾ' മറ്റ് രാജ്യങ്ങളുടെ ഇറക്കുമതി തീരുവ നിരക്കുകളുമായി പൊരുത്തപ്പെടുന്നതിനും അവരുടെ മറ്റ് നിയന്ത്രണങ്ങൾ നികത്തുന്നതിനുമായാണ് ഏപ്രിൽ വരെ സമയപരിധി നൽകിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ഏപ്രിൽ ഒന്നിന് ഒരു പഠനം പൂർത്തിയായ ശേഷം ട്രംപ് പുതിയ താരിഫുകൾ നിശ്ചയിക്കുമെന്ന് വൈറ്റ് ഹൗസിലെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവായ കെവിൻ ഹാസെറ്റ് പറഞ്ഞു.
അതേസമയം, താരിഫ് നിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ മെക്സിക്കൻ സാമ്പത്തിക മന്ത്രി മാർസെലോ എബ്രാർഡ് വ്യാഴാഴ്ച പുതിയ യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിനെയും വെള്ളിയാഴ്ച വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനെയും കാണും.
യു.എസുമായുള്ള അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതിലും മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിലും കാനഡ കൈവരിച്ച പുരോഗതി ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്തുമെന്ന് കനേഡിയൻ പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിന്റി വ്യാഴാഴ്ച പറഞ്ഞു. സാമ്പത്തിക, വ്യാപാര മേഖലകളിലെ ആശങ്കകൾ സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും ചൈനയും അമേരിക്കയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന് അയച്ച കത്തിൽ ചൈനയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.