ഹേഗ്: യു.എസ് ഉപരോധത്തെ തുടർന്ന് നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) പ്രവർത്തനം സ്തംഭിച്ചതായി റിപ്പോർട്ട്. ചീഫ് പ്രോസിക്യൂട്ടർ കരീം ഖാന്റെ ഇ-മെയിൽ, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും മൈക്രോസോഫ്റ്റ് അടക്കം ചില കമ്പനികളും മനുഷ്യാവകാശ സംഘടനകളും സഹകരണം അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് ഐ.സി.സി പ്രവർത്തനം നിലച്ചത്. മാത്രമല്ല, കോടതി ജീവനക്കാരായ അമേരിക്കൻ പൗരന്മാർ നാട്ടിൽ തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപരോധം ഭയന്ന് ആറ് മുതിർന്ന ഉദ്യോഗസ്ഥർ ഇതിനകം കോടതിയിൽനിന്ന് രാജിവെച്ചു. അതേസമയം, ഉപരോധത്തെക്കുറിച്ച് പ്രതികരിക്കാൻ ഐ.സി.സി വക്താവ് വിസമ്മതിച്ചു.
ഫെബ്രുവരിയിലാണ് ഐ.സി.സിക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയത്. ഗസ്സ വംശഹത്യയുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും നവംബറിൽ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു യു.എസ് നീക്കം. ഇരകൾക്ക് നീതി ലഭിക്കുന്നതിന് തടസ്സമാണ് യു.എസ് ഉപരോധമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ അന്താരാഷ്ട്ര നീതിന്യായ ഡയറക്ടർ ലിസ് ഇവൻസൺ പറഞ്ഞു.
വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും ഇരകൾക്ക് നീതി ലഭ്യമാക്കുന്നത് അടക്കം ഐ.സി.സിയുടെ അടിസ്ഥാന ദൗത്യങ്ങൾ നിർവഹിക്കുന്നതു പോലും ഉപരോധം തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞു. ഇസ്രായേൽ നേതാക്കളെക്കുറിച്ച് മാത്രമല്ല, മറ്റു നിരവധി അന്വേഷണ പ്രവർത്തനങ്ങളെയും ഉപരോധം തടസ്സപ്പെടുത്തുന്നതായി അവർ ചൂണ്ടിക്കാട്ടി.
സുഡാനിലെ വംശഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷണം നടത്തുകയും മുൻ പ്രസിഡന്റ് ഉമറുൽ ബഷീറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സുഡാനിൽ പുതിയ ഏറ്റുമുട്ടലുകളും യുദ്ധക്കുറ്റങ്ങളും വർധിക്കുമ്പോഴും പഴയ അന്വേഷണം പാതിവഴിയിൽ നിലച്ചിരിക്കുകയാണെന്ന് യു.എസ് ഉപരോധത്തിനെതിരെ ഹരജി നൽകിയ അഭിഭാഷകൻ എറിക് ഐവർസൺ പറഞ്ഞു.
മൈക്രോസോഫ്റ്റ് പിന്മാറിയതോടെ സ്വിറ്റ്സർലൻഡിന്റെ കമ്പനിയായ പ്രോട്ടൻ മെയിലിന്റെ സൗകര്യമാണ് ഐ.സി.സി ഉപയോഗിക്കുന്നത്. കരീം ഖാന്റെ സ്വന്തം നാടായ യു.കെയിലെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ടുകൾ ട്രംപ് ഭരണകൂടം മരവിപ്പിക്കുമോയെന്ന ഭയത്തിലാണ് ഐ.സി.സിക്കു വേണ്ടി തെളിവുകൾ ശേഖരിക്കുന്നതിനും സാക്ഷികളെ കണ്ടെത്തുന്നതിനും മുഖ്യ പങ്ക് വഹിക്കുന്ന മനുഷ്യാവകാശ സംഘടനകൾ ഐ.സി.സിയെ കൈവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.