തെഹ്റാൻ: പശ്ചിമേഷ‍്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ധാരണയിൽ തുടർച്ചകൾ പുരോഗമിക്കുന്നതിനിടെ പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി ഇറാനും യു.എസും. ഇറാനിന്‍റെ ആണവശേഖരം, ഇറാന്‍റെ ഫണ്ട് വിട്ടുകൊടുക്കൽ തുടങ്ങി പ്രാഥമിക ധാരണാ പത്രത്തിലെ പ്രധാന നിർദേശങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പര വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത്. ഇറാൻ ധാരണകൾ അംഗീരിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നും തന്‍റെ ജോലി പൂർത്തിയാക്കാൻ ഒരു ആഴ്ചയിൽ താഴെ മാത്രമേ എടുക്കൂ എന്നും ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു.അന്തിമ കരാറിൽ ഒപ്പുവെക്കുമ്പോൾ ഹുർമുസ് കടലിടുക്കിൽ ഇറാന് ടോൾ ഈടാക്കാൻ കഴിയില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ആണവ ശേഖരത്തിൽ ഉന്നത തലസമിതിയുടെ നിരീക്ഷണത്തിന് ഇറാൻ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാൽ ഇത് ഇറാൻ നിഷേധിച്ചു.ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി യു.എസുമായുള്ള നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്ക് പുറത്താണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ പറഞ്ഞു.അന്തിമ കരാറിൽ ഒപ്പുവെക്കുമ്പോൾ ഹുർമുസ് കടലിടുക്കിൽ ഇറാന് ടോൾ ഈടാക്കാൻ കഴിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടക്കാല കരാർ അമേരിക്കൻ കർഷകർക്ക് സാമ്പത്തികമായി വലിയ നേട്ടം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും പറയുന്നു. മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടു കൊടുക്കുന്നതിന് പകരമായി ഇറാൻ, അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങണമെന്നാണ് ട്രംപിന്‍റെ ആവശ്യം.
എന്നാൽ ഈ അവകാശ വാദം ഇറാൻ ഇത് നിഷേധിക്കുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥരും ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം സ്വിറ്റ്സർലെന്‍റിലെ ആദ്യ ഘട്ട സമാധാന ചർച്ച പൂർത്തിയായതിനു പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ പാകിസ്താനിലെത്തി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ, വിദേശകാര്യ മന്ത്രി ആസിഫ് അലി സർദാരി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദർ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. സമാധാന ചർച്ചയിൽ പാകിസ്താന്റെ പങ്കിനെ പെഷസ്കിയാൻ പ്രശംസിച്ചു.
യു.എസ് മരവിപ്പിച്ച തങ്ങളുടെ 1200 കോടി ഡോളർ ആസ്തികൾ വിട്ടുകൊടുക്കാനും എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കാനും സ്വിറ്റ്സർലൻഡിൽ നടന്ന സമാധാന ചർച്ചയിൽ ധാരണയായതായി കഴിഞ്ഞ് ദിവസം ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അറിയിച്ചിരുന്നു. ആഗസ്റ്റ് ഒന്ന് വരെ ഇറാനിയൻ എണ്ണയുടെയും പെട്രോകെമിക്കലുകളുടെയും വിൽപ്പന അനുവദിക്കുന്നതിനും യു.എസ് ട്രഷറി വകുപ്പ് ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ ആരംഭിച്ച ചർച്ച തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു അവസാനിച്ചത്. പാകിസ്താൻ, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച. ഫെബ്രുവരി 29നാണ് ഇറാനെതിരെ ഇസ്രായേലും യു.എസും ഏകപക്ഷീയമായി ആക്രമണം ആരംഭിച്ചത്. ഒരു മാസത്തിനു ശേഷം ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിൽത്തൽ പ്രഖ്യാപിച്ചു. എന്നാൽ തുടർ ചർച്ചകൾ അനിശ്ചിതത്വത്തിലായി. 110 ദിവസം പിന്നിട്ടശേഷം പാക്-ഖത്തർ ഊർജിത നീക്കങ്ങളെത്തുടർന്ന് ഇക്കഴിഞ്ഞ 18നാണ് ഇരു രാജ്യങ്ങളും താൽക്കാലിക ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതിന്റെ തുടർച്ചയായിരുന്നു സ്വിറ്റ്സർലൻഡിലെ ചർച്ച. 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തുന്നതിനുള്ള റോഡ്മാപ്പ്, ലെബനാനിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംഘർഷരഹിത സെൽ രൂപീകരിക്കാനും ധാരണയായിരുന്നു. ഫെബ്രുവരി 28ന് ഇസ്രായേലും യു.എസും ഇറാനു നേരെ ഏക പക്ഷീയ ആക്രമണം നടത്തുകയതോടയാണ് മേഖല സംഘർഷത്തിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.