ബ്രസീലിന് 50% വ്യാപാര തീരുവ; എട്ട് രാജ്യങ്ങൾക്കുകൂടി തീരുവ ഉയർത്തി ട്രംപ്

വാഷിംഗ്ടൺ: ബ്രസീൽ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്കുമേൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ചു. ബ്രസീലിന് 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിന് പുറമെ അൾജീരിയ, ബ്രൂണെ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകൾ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചു. അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണെക്കും മോൾഡോവക്കും 25 ശതമാനവും, ഫിലിപ്പീൻസിന് 20 ശതമാനവും തീരുവയാണ് ചുമത്തിയത്.

ബ്രസീലിയൻ ഇറക്കുമതിക്ക് ചുമത്തിയിരിക്കുന്ന 50 ശതമാനം തീരുവ ഉൾപ്പെടെ എല്ലാ പുതിയ താരിഫുകളും ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വരും. ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയർന്ന തീരുവ പ്രഖ്യാപനം രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്ട്. കൂടാതെ ബ്രസീലിന് ഏർപ്പെടുത്തിയിരിക്കുന്ന 50% താരിഫ് എല്ലാ മേഖലാ താരിഫുകളിൽനിന്നും വ്യത്യസ്തമായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഏപ്രിലിൽ ബ്രസീലിന് മേൽ ഏർപ്പെടുത്തിയ 10 ശതമാനം നിരക്കിൽനിന്ന് വൻതോതിലുള്ള വർധനയാണ് ഏർപ്പെടുത്തിയതെന്ന് ട്രംപ് കത്തിൽ വ്യക്തമാക്കുന്നു.

അമേരിക്കയെ ബാധിക്കുന്ന സുസ്ഥിരമല്ലാത്ത വ്യാപാര കമ്മികൾക്ക് കാരണമാകുന്ന നിരവധി വർഷത്തെ താരിഫ്, നോൺ-താരിഫ് നയങ്ങളും വ്യാപാര തടസ്സങ്ങളും പരിഹരിക്കുന്നതിന് പുതിയ താരിഫുകൾ ആവശ്യമാണെന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഉൽപാദന സൗകര്യങ്ങൾ അമേരിക്കൻ മണ്ണിലേക്ക് മാറ്റാൻ തയ്യാറുള്ള അന്താരാഷ്ട്ര കമ്പനികളെ പുതിയ താരിഫുകളിൽനിന്ന് ഒഴിവാക്കുമെന്നും ട്രംപ് പറയുന്നു.

ബ്രിക്സ് കൂട്ടായ്മയിൽ അംഗമായ ബ്രസീലിന്‍റെ മേൽ ചുമത്തിയിരിക്കുന്ന 50 ശതമാനം തീരുവയാണ് ഏറ്റവും ശ്രദ്ധേയം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്‌സ് അമേരിക്കയെ ദ്രോഹിക്കുന്നതിനായി രൂപീകരിച്ചതാണെന്ന് നേരത്തെ ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. മറ്റൊരു രാജ്യത്തിന് മാനദണ്ഡമാകാൻ വേണ്ടി അവർ ഡോളറിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ലോകനിലവാരമുള്ള ഡോളർ നഷ്ടപ്പെട്ടാൽ, അത് ലോകയുദ്ധം തോൽക്കുന്നതിന് തുല്യമായിരിക്കും. അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും ബ്രിക്സുമായുള്ള വിയോജിപ്പ് ചൂണ്ടിക്കാണിച്ച് ട്രംപ് വ്യക്തമാക്കി.

ബ്രിക്‌സ് രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെ നേരത്തെ ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ തള്ളിക്കളഞ്ഞിരുന്നു. ലോകം മാറിയിരിക്കുന്നു. നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട എന്ന രൂക്ഷവിമർശനവും ലുല ഡ സിൽവ ട്രംപിനെതിരെ ഉയർത്തി. ആഗോള സമ്പദ്‌വ്യവസ്ഥയെ സംഘടിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തേടുന്ന രാജ്യങ്ങളുടെ ഒരു കൂട്ടമാണ് ബ്രിക്സ്. അതുകൊണ്ടാണ് ബ്രിക്‌സ് ആളുകളെ അസ്വസ്ഥരാക്കുന്നത് എന്ന് താൻ കരുതുന്നു എന്നും ലുല ഡ സിൽവ പ്രതികരിച്ചിരുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാഖ്സ്താൻ, ഇന്തൊനീഷ്യ, തുണീസ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചിരുന്നു.

Tags:    
News Summary - Trump Slaps 50% Tariff On Brazil Over Bolsonaro Trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.