`എഐ നിയന്ത്രിക്കാന്‍ ശക്തനും ബുദ്ധിമാനുമായ പ്രസിഡന്‍റ് മതി, അമേരിക്കക്ക് അതുണ്ട്'; എഐ വിദഗ്ദരുടെ മുന്നറിയിപ്പ് ചൈനയെ സഹായിക്കാനെന്ന് ട്രംപ്
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എ.ഐ) കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന വാദം അനാവശ്യമാണെന്നും എ.ഐ രംഗത്ത് അമേരിക്കയെ പിന്നിലാക്കി ചൈനയെ മുന്നിലെത്തിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എ.ഐക്കും ഡാറ്റ സെന്ററുകൾക്കുമെതിരെ ‘അസുഖകരമായ ഗൂഢാലോചന’ നടക്കുകയാണെന്നും അതിൽ സന്തോഷിക്കുന്നത് ചൈന മാത്രമാണെന്നും ട്രംപ് തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.
എ.ഐക്ക് മതിയായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയുടെ പ്രസ്താവനയെ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. എ.ഐ നിയന്ത്രണത്തിന് വേണ്ടി വാദിക്കുന്നവർക്ക് ‘ഗൂഢാലോചനാ സിദ്ധാന്തക്കാർ’, ‘രാജ്യദ്രോഹികൾ’, ‘വിവരചോർച്ചക്കാർ’ തുടങ്ങിയ വിശേഷണങ്ങളാണ് ട്രംപ് നൽകുന്നത്. എ.ഐക്ക് ആവശ്യമുള്ള ഏക നിയന്ത്രണം ‘ശക്തനും ബുദ്ധിമാനുമായ പ്രസിഡന്റ്’ ആണെന്നും അമേരിക്കയ്ക്ക് അത്തരമൊരു പ്രസിഡന്റ് ഇപ്പോഴുണ്ടെന്നും ട്രംപ് പറഞ്ഞു.
എ.ഐ വികസനം മന്ദഗതിയിലാക്കണമെന്ന ആവശ്യങ്ങൾ ട്രംപ് തള്ളിക്കളയുന്നത് ഇത് ആദ്യമായല്ല. അതിവേഗം വളരുന്ന എ.ഐ സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് പോകുമെന്ന ആശങ്ക നിയമനിർമാതാക്കളിലും സാങ്കേതിക വിദഗ്ധരിലും എ.ഐ കമ്പനി മേധാവികളിലും ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
എ.ഐയുടെ അതിവേഗ വളർച്ച മനുഷ്യരാശിക്ക് ഭീഷണിയാകാനുള്ള സാധ്യത ഒഴിവാക്കാൻ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയ് അഭിപ്രായപ്പെട്ടിരുന്നു. എ.ഐയുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.ഐ മനുഷ്യരെ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്നും അമോഡെയ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.