വാഷിങ്ടൺ: യു.എസുമായുള്ള വെടിനിർത്തൽ കരാർ സ്ഥിരീകരിച്ച്, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പുറത്തിറക്കിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പേരിലുള്ള അരാഗ്ചിയുടെ കുറിപ്പാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കിട്ടത്.
മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ നേതൃത്വം നടത്തിയ അക്ഷീണ ശ്രമങ്ങൾക്ക് തെഹ്‌റാന്റെ നന്ദി പറയുന്നതാണ് കുറിപ്പ്. ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിയാൽ, നമ്മുടെ ശക്തമായ സായുധ സേന അവരുടെ പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി പ്രസ്തുത പ്രസ്താവനയിൽ പറഞ്ഞു. ഹുർമുസ് വഴി ഇറാന്റെ സായുധ സേനയുമായി സഹകരിച്ച് കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കുമെന്നും ട്രംപ് പങ്കുവെച്ച കുറിപ്പിൽ ഇറാൻ പറയുന്നു.
യുദ്ധത്തിൽ തങ്ങൾക്ക് നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള 10 ഇന നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഹുർമൂസിലൂടെ കപ്പൽ ഗതാഗതത്തിന് ചുങ്കം ഏർപ്പെടുത്തുന്നതാണ് മറ്റൊരു പ്രധാന ആവശ്യം.
ഇറാൻ സായുധ സേനയുടെ നിയന്ത്രണത്തിൽ ഹുർമൂസ് കടലിടുക്കിലൂടെ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കും. ഹുർമൂസിൽ ഇറാന് സവിശേഷ സാമ്പത്തിക, ഭൗമരാഷ്ട്രീയ സ്ഥാനം നൽകണം. ലബനാൻ, ഇറാഖ് തുടങ്ങി ഇറാനുമായി ബന്ധമുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ൽ ഉൾപ്പെട്ട എല്ലാ ഘടകങ്ങൾക്കുമെതിരായ യുദ്ധം അവസാനിപ്പിക്കണം. യുദ്ധത്തിനായി കൊണ്ടുവന്ന യു.എസ് സേനയെ ഗൾഫ് മേഖലയിലെ എല്ലാ താവളങ്ങളിൽ നിന്നും പിൻവലിക്കണം. ഇറാന്റെ നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകണം. ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും പ്രമേയങ്ങളും പിൻവലിക്കണം. വിദേശത്തുള്ള ഇറാന്റെ എല്ലാ മരവിപ്പിച്ച ആസ്തികളും സ്വത്തുക്കളും വിട്ടുനൽകണം. സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ ഈ കാര്യങ്ങളെല്ലാം അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്.
മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിനും ഫീൽഡ് മാർഷൽ അസിം മുനീറിനും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി നന്ദി അറിയിച്ചു.
രണ്ടാഴ്ചയെന്ന സമയപരിധി ഇരുകക്ഷികളുടെയും ധാരണ പ്രകാരം നീട്ടാൻ കഴിയും. ഇതിനായുള്ള തുടർചർച്ചകൾ ഏപ്രിൽ 10ന് പാകിസ്താനിലെ ഇസ്‍ലാമാബാദിൽ തുടങ്ങും. തങ്ങളുടെ കൈകൾ തോക്കിന്റെ കാഞ്ചിയിലാണെന്നും ശത്രുക്കൾ ലംഘിച്ചാൽ ഉടൻ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. ചർച്ചകൾ നടക്കുന്ന രണ്ടാഴ്ചക്കാലം എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ നിലനിൽക്കണം. വിജയാഘോഷങ്ങൾ ശക്തിയോടെ തുടരുകയും ചെയ്യണം. അമേരിക്കയെ പൂർണമായി വിശ്വസിച്ചല്ല ഈ ചർച്ചകൾക്ക് ഇറാൻ തയ്യാറാകുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ രാജ്യത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
തെഹ്‌റാൻ- 2026 ഏപ്രിൽ 7,
മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ അക്ഷീണ പരിശ്രമത്തിന് എന്റെ പ്രിയ സഹോദരന്മാരായ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിനും ഫീൽഡ് മാർഷൽ അസിം മുനീറിനും ഇസ്‍ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ പേരിൽ ഞാൻ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവച്ചാൽ നമ്മുടെ ശക്തമായ സായുധ സേന അവരുടെ പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന് വേണ്ടി ഞാൻ പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രി ശഹബാസ് ശരീഫ് സാഹോദര്യഭാഷയിൽ ട്വീറ്റിലൂടെ നടത്തിയ അഭ്യർഥന, 15 ഇന നിർദേശങ്ങളെ കുറിച്ച് ചർച്ചക്കുള്ള യു.എസിന്റെ അഭ്യർഥന, ഇറാന്റെ 10 ഇന നിർദേശങ്ങൾ ചർച്ച ചെയ്ത് പൊതു ചട്ടക്കൂട് രൂപവത്കരിക്കാമെന്ന യു.എസ് പ്രസിഡന്റിന്റെ പ്രഖ്യാപനം എന്നിവ മാനിച്ചാണ് ഈ തീരുമാനം. ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ സാധിക്കും.
സയ്യിദ് അബ്ബാസ് അരാഗ്ചി, വിദേശകാര്യ മന്ത്രി
ഇസ്‍ലാമിക് റിപബ്ലിക് ഓഫ് ഇറാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.