വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയേയും ഭാര്യയേയും തടവിലാക്കി യു.എസ്. അമേരിക്കൻ സൈന്യത്തിന്റെ ഡെൽറ്റ ഫോഴ്സാണ് ഇരുവരേയും തടവിലാക്കിയത്. യു.എസ് മിലിറ്ററിയുടെ തീവ്രവാദ വിരുദ്ധസേനയാണ് ഡെൽറ്റ ഫോഴ്സ്. മയക്കുമരുന്ന് സംഘങ്ങൾക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് മദുറോയെ തടവിലാക്കിയത്.
മദുറോയെ തടവിലാക്കിയ വിവരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. വെനസ്വേലയിൽ വൻ ആക്രമണം നടത്തി. നിക്കാളോസ് മദുറോയേയും ഭാര്യയേയും തടവിലാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണങ്ങളെ തുടർന്ന് വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവൻ സൈന്യത്തെ വിന്യസിച്ചതായി വെനസ്വേല പ്രതിരോധമന്ത്രി അറിയിച്ചു. അതേസമയം, വെനസ്വേലൻ പ്രസിഡന്റ് ജീവനയോടെയിരിപ്പുണ്ടെന്ന് തെളിയിക്കാൻ രേഖകൾ കൈമാറണമെന്ന് വെനസ്വേലൻ സർക്കാർ ആവശ്യപ്പെട്ടു.
മയക്കുമരുന്ന് കടത്ത്: യു.എസുമായി ചർച്ചക്ക് തയാറെന്ന് വെനിസ്വേല
കാരക്കാസ്: മയക്കുമരുന്ന് കടത്ത് തടയാൻ അമേരിക്കയുമായി ചർച്ചക്ക് തയാറെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ. എന്നാൽ, മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിച്ചെന്നാരോപിച്ച് വെനിസ്വേലൻ തുറമുഖ മേഖലയിൽ കഴിഞ്ഞയാഴ്ച സി.ഐ.എ നേതൃത്വത്തിൽ നടന്ന ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഔദ്യോഗിക ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലായിരുന്നു മദുറോയുടെ പ്രതികരണം.
അട്ടിമറിയിലൂടെ രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനും തങ്ങളുടെ വിശാലമായ എണ്ണ ശേഖരത്തിലേക്ക് പ്രവേശിക്കാനുമാണ് മയക്കുമരുന്ന് കടത്തിന്റെ പേരുപറഞ്ഞ് മാസങ്ങൾ നീളുന്ന സമ്മർദ പ്രചാരണത്തിലൂടെ അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനായി ഭീഷണിയും ബലപ്രയോഗവും തുടരുകയാണ്. അതിന് പകരം മയക്കുമരുന്ന് കടത്ത് തടയാൻ വസ്തുതകളുടെ ബലത്തിൽ ഉഭയകക്ഷി ചർച്ചയാണ് ഇരു രാജ്യങ്ങളും തമ്മിൽ നടക്കേണ്ടത്. ഇതിന് തങ്ങൾ തയാറാണെന്ന് നിരവധി തവണ വ്യക്തമാക്കിയതാണെന്നും മദുറോ പറഞ്ഞു. ഇനി അവർക്ക് ഇന്ധനമാണ് വേണ്ടതെങ്കിൽ അമേരിക്കൻ നിക്ഷേപത്തിന് വെനിസ്വേല തയാറാണ്. എന്നാൽ, വെനിസ്വേലൻ മണ്ണിലെ സി.ഐ.എ ആക്രമണത്തെക്കുറിച്ച ചോദ്യത്തിന് ‘അടുത്ത ദിവസങ്ങളിൽ പ്രതികരിക്കാം’എന്നായിരുന്നു മദുറോയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.