ഇസ്രായേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; ലബനാനിൽ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ

ബൈറൂത്: ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാൻ ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ബൈറൂത്തി​ന്റെ തെക്കൻ പ്രദേശങ്ങളിലേക്ക് നടത്താനിരുന്ന സൈനിക മുന്നേറ്റം ഉപേക്ഷിക്കാൻ ഇസ്രായേൽ സമ്മതിച്ചതായും പകരം ഹിസ്ബുല്ല ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാൻ തയാറായതായും ട്രംപ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.

ബൈറൂത്തി​ന്റെ തെക്കൻ പ്രദേശങ്ങളിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ലബനീസ് പ്രസിഡന്റ് ജോസഫ് ഔണിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഇതിന് പകരമായി ഹിസ്ബുല്ലയും ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കും. എന്നാൽ, ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലും തെക്കൻ ലബനാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ബൈറൂത്തിന്റെ തെക്കൻ മേഖലയായ ദാഹിയയിൽ ആക്രമണം നടത്താൻ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ പ്രദേശത്തുനിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തിട്ടുണ്ട്. ഹിസ്ബുല്ലക്ക് സ്വാധീനമുള്ള പ്രദേശമാണിത്. സർക്കാർ സംവിധാനങ്ങൾ ഒരുക്കിയ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞതിനാൽ പലരും വാഹനങ്ങളിൽ തന്നെ കഴിയുകയാണ്.  25 വർഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇസ്രായേൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം വടക്കൻ ഇസ്രായേലിൽ സമാധാനം ഉണ്ടാകുന്നതുവരെ ബൈറൂത്തിലും സമാധാനം ഉണ്ടാകില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ലബനാനിലെ ലിറ്റാനി നദി മേഖല സൈനിക നിയന്ത്രണത്തിലാക്കുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി ഇസ്രായേൽ സേന ലബനാനിലെ ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട പിടിച്ചെടുത്തിരുന്നു.

ലബനാനിലെ ഇസ്രായേൽ ആക്രമണത്തെ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ ആക്രമണത്തിന് യാതൊരു ന്യായീകരണവുമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. സൈനിക നടപടികൾ നിർത്തിവെക്കാൻ യു.കെ വിദേശകാര്യ സെക്രട്ടറി വെറ്റ് കൂപ്പർ ആവശ്യപ്പെട്ടു. മാർച്ച് രണ്ടിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3,412 ലധികം പേർ കൊല്ലപ്പെടുകയും 10,269 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ലബനീസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.

Tags:    
News Summary - Trump says Israel and Hezbollah agree to halt hostilities, Lebanon invasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.