അബൂദബിയിൽ നിർമിക്കുന്ന കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസിന്‍റെ മാതൃക വീക്ഷിക്കുന്ന ഡോണൾഡ്​ ട്രംപും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും

ഗൾഫ്​ സന്ദർശനം പൂർത്തിയാക്കി ട്രംപ്​ മടങ്ങി; യു.എ.ഇയുമായി ശതകോടികളുടെ കരാർ ഒപ്പുവെച്ചു

അബൂദബി: യു.എസ്​ പ്രസിഡൻറായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വിദേശ സന്ദർശനം പൂർത്തിയാക്കി ഡോണൾഡ്​ ട്രംപ്​ മടങ്ങി. സൗദിക്കും ഖത്തറിനും പിന്നാലെ, രണ്ട്​ ദിവസം നീണ്ട യു.എ.ഇ സന്ദർശനം പൂർത്തിയാക്കി പ്രാദേശിക സമയം ഉച്ച രണ്ടു മണിക്കാണ് എയർഫോഴ്സ് വൺ വിമാനത്തിൽ അബൂദബിയിൽ നിന്ന്​ ട്രംപ്​ തിരിച്ചുപറന്നത്​. ശതകോടിക്കണക്കിന്​ ഡോളർ മൂല്യമുള്ള വ്യാപാര, നിക്ഷേപ കരാറുകളിലാണ്​ യു.എസും യു.എ.ഇയും രണ്ട്​ ദിവസങ്ങളിലായി ഒപ്പുവെച്ചത്​. എണ്ണ, പ്രകൃതിവാതക ഉൽപാദനം, വ്യോമയാനം, എ.ഐ മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും സുപ്രധാന കരാറുകൾ ഒപ്പുവച്ചത്.

പ്രകൃതിവാതക മേഖലയിൽ യു.എസ് ബഹുരാഷ്ട്ര ഭീമന്മാരായ എക്സോൺ മൊബിൽ, ഓക്സിഡന്റൽ പെട്രോളിയം, ഇ.ഒ.ജി റിസോഴ്സസ് എന്നീ കമ്പനികളുമായി അബൂദബി നാഷണൽ ഓയിൽ കമ്പനി(അഡ്നോക്) 6,000 കോടി ഡോളറിന്റെ കരാറിലെത്തി. ബോയിങ്, ജെ.ഇ എയറോസ്പേസ് കമ്പനികളുമായി അബൂദബി ആസ്ഥാനമായ ഇത്തിഹാദ് വിമാനക്കമ്പനി 14,50 കോടി ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവച്ചു. അടുത്ത പത്തു വർഷത്തിനുള്ളിൽ അമേരിക്കയിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി സന്ദർശനത്തോടനുബന്ധിച്ച്​ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്​.

അബൂദബി ഖസ്​ർ അൽ വത്​ൻ കൊട്ടാരത്തിൽ ഡോണൾഡ്​ ട്രംപും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും കൂടിക്കാഴ്ച നടത്തുന്നു

അബൂദബിയിൽ ഇരുരാഷ്ട്രങ്ങളും ചേർന്ന് അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസ് തുറക്കാനും ധാരണയായി. ഇതിന്റെ ആദ്യഘട്ടം ട്രംപും യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. യു.എ.ഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് കാമ്പസ് നിർമിക്കുന്നത്. ചിപ് നിർമാണ കമ്പനി എൻവീഡിയ അടക്കം നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കും.

സന്ദർശനത്തിന്‍റെ ഭാഗമായി അബൂദബിയിലെ കൊട്ടാരമായ ഖസ്​ർ അൽ വതനിൽ വ്യാഴാഴ്​ച ഒരുക്കിയ ചടങ്ങിൽ യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ്​ സായിദ്​’ ട്രംപിന് പ്രസിഡന്റ് ​ശൈഖ്​ മുഹമ്മദ്​ സമ്മാനിച്ചിരുന്നു. രാഷ്ട്രപിതാവ് ​ശൈഖ്​ സായിദിന്റെ പേരിലുള്ള പുരസ്കാരമാണിത്. വ്യാഴാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെയാണ് എയർഫോഴ്സ് വൺ വിമാനത്തിൽ ട്രംപ് അബൂദബിയിലെത്തിയത്.

Tags:    
News Summary - Trump returns after completing Gulf visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.