വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസിൽ നടന്നു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ചക്ക് ശേഷം, തങ്ങൾ തമ്മിലുള്ളത് മികച്ചതും പൂർണമായ സഹകരണത്തോടെയുള്ളതുമായ കൂടിക്കാഴ്ചയാണെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. ട്രംപുമായി ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും മികച്ച ചർച്ചകളിലൊന്നാണിതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. കൂടിക്കാഴ്ച വളരെ ക്രിയാത്മകവും ഫലപ്രദവുമാണെന്നാണ് വൈറ്റ് ഹൗസും പ്രതികരിച്ചത്.
എന്നാൽ, കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് ഇറാൻ വിഷയത്തിൽ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ട്രംപ് രംഗത്തെത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാനിലെ 'പിക്ക്‌ആക്സ് മൗണ്ടൻ' ആണവകേന്ദ്രത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ നൽകാൻ നെതന്യാഹു തന്റെ അരികിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രായേൽ പ്രധാനമന്ത്രി തന്നോട് ആ വിവരങ്ങൾ പങ്കുവെക്കാൻ ശ്രമിക്കുന്നത് അമേരിക്കയെ ഈ യുദ്ധത്തിൽ കൂടുതൽ കാലം ഒപ്പം നിർത്താൻ വേണ്ടി മാത്രമാണെന്നും, അവിടെ എന്താണ് നടക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും ട്രംപ് തുറന്നടിച്ചു. വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ പരസ്യമായ അതൃപ്തിയും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങളും വ്യക്തമാക്കിയത്.
ഇറാനിലെ ഈ പുതിയ ആണവ പ്ലാന്റിനെക്കുറിച്ച് നെതന്യാഹു പരസ്യമായി പ്രസ്താവന നടത്തിയതിലും ട്രംപ് രോഷം പ്രകടിപ്പിച്ചു. ഈ വിവരങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നതിന് പകരം നേരിട്ട് തന്നോട് പറയാമായിരുന്നില്ലേ എന്ന് ചോദിച്ച ട്രംപ്, ഈ വിഷയം തനിക്ക് വലിയൊരു പ്രശ്നമല്ലെന്നും ഒരു കരാറിന് ഇറാൻ തയാറായില്ലെങ്കിൽ ആ കേന്ദ്രം വളരെ എളുപ്പത്തിൽ തകർത്തെറിയുമെന്നും മുന്നറിയിപ്പ് നൽകി. താൻ അമേരിക്കൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ ഇന്ന് ഇസ്രായേൽ എന്ന് പറയുന്ന ഒരു രാജ്യം ലോകത്ത് ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
മറുഭാഗത്ത്, ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കാൻ ഇസ്രായേൽ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അമേരിക്ക അതിന് അനുമതി നൽകുന്നില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെളിപ്പെടുത്തി. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ അത് ആഗോളതലത്തിൽ വലിയ എണ്ണവിലക്കയറ്റത്തിനും, അയൽരാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾക്കും കാരണമാകുമെന്ന ഭയത്താലാണ് യു.എസ് ഇത് തടയുന്നത്. ചാനൽ 14ന് നൽകിയ അഭിമുഖത്തിലാണ് കാറ്റ്സ് ഇക്കാര്യം തുറന്നുപറഞ്ഞത്.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ചക്ക് ശേഷം, തങ്ങൾ തമ്മിലുള്ളത് മികച്ച കൂടിക്കാഴ്ചയാണെന്ന് നെതന്യാഹു വിശേഷിപ്പിച്ചെങ്കിലും, ഇറാൻ വിഷയത്തിലും ട്രംപിന്റെ മുൻപോട്ടുളള നയങ്ങളിലും ഇസ്രായേലിന് ഇപ്പോഴും കടുത്ത ആശങ്കകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇതിനിടെ കൂടിക്കാഴ്ചയിൽ പരക്കെ ചർച്ചയാകുമെന്ന് കരുതിയ പല സുപ്രധാന വിഷയങ്ങളും അജണ്ടയിൽ വന്നിട്ടില്ലെന്ന് ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ഗസ്സയുടെ പുനർനിർമാണത്തെക്കുറിച്ചോ, സിറിയയിലും ലബനനിലും നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ചോ യോഗത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരും നാഷണൽ പബ്ലിക് ഡിപ്ലോമസി ഡയറക്ടറേറ്റ് തലവൻ സിപ്പി ഹോടോവലിയും മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കൂടാതെ, വാഷിങ്ടണിൽ വലിയ രീതിയിൽ പ്രതിഷേധത്തിന് കാരണമായ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ തീവ്ര ജൂത കുടിയേറ്റക്കാരുടെ അതിക്രമങ്ങളെക്കുറിച്ചുള്ള വിഷയവും ചർച്ചയിൽ കടന്നുവന്നില്ലെന്ന് അവർ പറഞ്ഞു. അതേസമയം കൂടിക്കാഴ്ചക്ക് പുറത്ത്, വെസ്റ്റ് ബാങ്കിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.