വാഷിങ്ടൺ: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി. ബുധനാഴ്ച വൈറ്റ് ഹൗസിന്റെ കാബിനറ്റ് റൂമിലായിരുന്നു വിരുന്ന്. മുനീറിനുള്ള ട്രംപിന്റെ ക്ഷണം വലിയ നയതന്ത്ര വിജയമായാണ് ഇസ്ലാമാബാദിലെ ഉന്നതർ കാണുന്നതെന്ന് പാക് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസമാണ് അസിം മുനീറിനെ പാകിസ്താൻ അഞ്ചു നക്ഷത്രമുള്ള പദവിയിലേക്ക് ഉയർത്തിയത്. 1959ൽ അയൂബ് ഖാന് മാത്രമാണ് ഇങ്ങനെയൊരു സ്ഥാനക്കയറ്റം നൽകിയത്. മേഖലയിലെ ആധിപത്യത്തിന് ശ്രമിക്കുന്നതിന് പകരം ഇന്ത്യ പാകിസ്താനുമായി ഒരു പരിഷ്കൃത രാജ്യത്തെപ്പോലെ ഇടപെടണമെന്ന് യു.എസിലേക്ക് തിരിക്കുംമുമ്പ് മുനീർ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം അമേരിക്കയിലെ പാകിസ്താൻ സമൂഹവുമായി സംസാരിക്കവെ, പൽഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന കാര്യം അദ്ദേഹം നിഷേധിച്ചു. അതിർത്തി അതിക്രമിച്ച് കടക്കുന്നത് ഒരു സാധാരണ സംഭവമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത് പാകിസ്താൻ പൂർണമായി തള്ളിയിട്ടുണ്ട് -മുനീർ തുടർന്നു.
വാഷിങ്ടണിലെ ജോർജ്ടൗണിലുള്ള ഫോർ സീസൺസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തെങ്കിലും പുറത്ത് ഇംറാൻ ഖാന്റെ ‘പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി’ പ്രവർത്തകർ ജനാധിപത്യ ഭരണപരിഷ്കാരങ്ങളും ജയിലിലടച്ച നേതാക്കളുടെ മോചനവും ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തിയത് പരിപാടിയുടെ ശോഭ കെടുത്തി.
ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ പാകിസ്താന്റെ പിന്തുണ ഇറാനാണെന്ന് മുനീർ പ്രഖ്യാപിച്ചു. യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിൽ പാകിസ്താൻ പ്രധാന പങ്കാളിയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ മിഷേൽ കുരില്ല പ്രഖ്യാപിക്കുകയും ചെയ്തു.
അതിനിടെ, അസീം മുനീറിന്റെ ട്രംപുമായുള്ള ചർച്ച വലിയ തിരിച്ചടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിദേശപര്യടനം പൂർത്തിയാക്കി രാജ്യത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയുടെ കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പദവിയിൽ ഇന്ദിരഗാന്ധിയായിരുന്നെങ്കിൽ യു.എസ് പ്രസിഡന്റിനോട് ഈ വിഷയത്തിലുള്ള അതൃപ്തി അറിയിക്കുമായിരുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.