ട്രംപ്

ഇറാന്‍റെ സൈനിക ശേഷി തകർത്തെന്ന് ട്രംപ്; അവശേഷിക്കുന്നത് 22 ശതമാനം മിസൈലുകൾ മാത്രം

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടയിൽ, രാജ്യത്തിന്റെ സൈനിക ശക്തിയെ അമേരിക്ക ഏതാണ്ട് പൂർണ്ണമായും തകർത്തെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്‍റെ മിസൈൽ, ഡ്രോൺ നിർമാണ ശൃംഖലകൾ ഉൾപ്പെടെയുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കൻ ആക്രമണങ്ങളിൽ തകർന്നു കഴിഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു. എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്‍റെ പക്കൽ ഇപ്പോഴും വലിയൊരു മിസൈൽ ശേഖരം അവശേഷിക്കുന്നുണ്ടെങ്കിലും, അത് മുമ്പുള്ളതിനേക്കാൾ വളരെ കുറവാണെന്ന് ട്രംപ് പറഞ്ഞു. ‘ഇറാന്‍റെ മിസൈലുകളിൽ ഏകദേശം 21-22 ശതമാനം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഇത് വലിയൊരു സംഖ്യയാണെങ്കിലും, അമേരിക്ക ആക്രമണം ആരംഭിച്ച സമയത്തെ അപേക്ഷിച്ച് വളരെ കുറവാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് മാസത്തിൽ ഇറാന്‍റെ പക്കൽ 18 ശതമാനം മിസൈലുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ നിലവിലെ കണക്കുകൾ അതിനേക്കാൾ ഉയർന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിക്ക ഡ്രോൺ ഫാക്ടറികളും ലോഞ്ചിങ് പാഡുകളും തങ്ങൾ തകർത്തു കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. സമാധാന ചർച്ചകൾക്കും വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്കും ശേഷവും മേഖലയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഗൾഫ് മേഖലയിലെ യു.എസ് സഖ്യകക്ഷികൾക്ക് നേരെ ഈ ആഴ്ച ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. കുവൈത്തിലേക്ക് തൊടുത്തുവിട്ട 30 ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾ തടഞ്ഞതായും, ഇത് ഇറാന്‍റെ പ്രകോപനപരമായ നടപടിയാണെന്നും കുവൈത്ത് ആരോപിച്ചു.

കൂടാതെ, ഒമാൻ ഉൾക്കടലിൽ വെച്ച് യു.എസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ തങ്ങൾ 'മുന്നറിയിപ്പ് മിസൈലുകൾ' തൊടുത്തുവിട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് അമേരിക്കൻ സൈന്യത്തിന്‍റെ വാദം. ഇതിന് തൊട്ടുപിന്നാലെ ഹുർമുസ് കടലിടുക്കിന് നേരെ ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചെങ്കിലും, അവയിൽ നാലെണ്ണത്തെ യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വെടിവെച്ചിട്ടു. ഇതിന് മറുപടിയായി ഗോരുക്കിലെയും ഖ്വഷ്മിലെയും ഇറാനിയൻ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകൾക്ക് നേരെ അമേരിക്ക തിരിച്ചടി നൽകി.

പ്തുടരുന്ന ആക്രമണങ്ങൾക്കിടയിലും, ഇറാനുമായി ഒരു ഒത്തുതീർപ്പിൽ എത്താൻ കഴിയുമെന്ന ആത്മവിശ്വാസം ട്രംപ് പ്രകടിപ്പിച്ചു. ദേശീയ അഭിമാനം മൂലമാണ് ഇറാൻ നേതൃത്വം അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാത്തതെന്നും, എന്നാൽ നിലവിലെ സാഹചര്യം അവരെ അതിലേക്ക് നിർബന്ധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അവർ ശക്തരും അഭിമാനികളുമാണ്. എന്നാൽ അവർ ഒരിക്കലും ചെയ്യുമെന്ന് കരുതാത്ത കാര്യങ്ങൾ ചെയ്യാൻ അവർ നിർബന്ധിതരാകും’ ട്രംപ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്ഥിരമായ വെടിനിർത്തൽ കരാറിനിടയിലും നടക്കുന്ന ഈ പരസ്പര ആക്രമണങ്ങൾ മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുകയാണ്. വരുംദിവസങ്ങളിൽ നയതന്ത്ര ചർച്ചകളിൽ എന്ത് പുരോഗതിയുണ്ടാകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ യുദ്ധസമാനമായ സാഹചര്യത്തിന്റെ ഭാവിയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

Tags:    
News Summary - Trump Claims Iran’s Military Capability Largely Decimated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.