വാഷിംങ്ടൺ: ലോസ് ഏഞ്ചൽസിൽ കുടിയേറ്റ അനുകൂല പ്രക്ഷോഭകരും യു.എസ് സേനയും തമ്മിൽ ഞായറാഴ്ച കടുത്ത തോതിൽ ഏറ്റുമുട്ടി. സംസ്ഥാനത്ത് ഫെഡറൽ സൈനിക വിന്യാസത്തിന് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ. പ്രതിഷേധക്കാർക്കെതിരായ നാഷനൽ ഗാർഡ് സൈനികരുടെ നീക്കമാണ് ലോസ് ഏഞ്ചൽസിലെ ഡൗണ്ടൗണിൽ സംഘർഷാവസ്ഥക്ക് തുടക്കമിട്ടത്.
പൊലീസ് പ്രകടനക്കാരെ നേരിടാനായി മെട്രോ പൊളിറ്റൻ തടങ്കൽ കേന്ദ്രത്തിന് പുറത്തുള്ള തെരുവുകളിൽ കണ്ണീർ വാതകം പ്രയോഗിച്ചു. വൻ തോതിൽ പുക പൊട്ടിപ്പുറപ്പെട്ടു. ഇതിനിടയിൽ ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുകയും പൊലീസ് അതിക്രമത്തിൽ പലർക്കും പരിക്കേൽക്കുകയും ചെയ്തതോടെ സംഘർഷം കടുത്തു.
നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രീഡം ഓഫ് സർവിസ് എംേപ്ലായീസ് ഇന്റർനാഷനൽ യൂണിയൻ കാലിഫോർണിയ പ്രസിഡന്റ് ഡേവിഡ് ഹ്യൂർതെക്ക് പരിക്കേറ്റതായും ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതായും സംഘടന അറിയിച്ചു. പ്രതിഷേധകർ വാഹനങ്ങൾക്ക് തീയിട്ടു. മൂന്ന് വാഹനങ്ങൾ എങ്കിലും കത്തി നശിച്ചു. പ്രധാന റോഡ് ഉപരോധിച്ചു. സൈന്യം കാലിഫേർണിയയിലുടനീളം നിലയുറപ്പിച്ചു.
ലോസ് ആഞ്ചൽസ് നഗര ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ട്രംപ് സൈന്യത്തെ അയച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളായി. തന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് നാഷനൽ ഗാർഡിനെ വിന്യസിച്ചതിൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ട്രംപിന്റെ തീരുമാനത്തെ അപലപിച്ചു. ട്രംപ് ഇടപെടുന്നതുവരെ തങ്ങൾക്കിവിടെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ഇത് സംസ്ഥാനത്തിന്റെ പരമാധികാരത്തിനുമേലുള്ള ഗുരുതരമായ അതിക്രമം ആണെന്നും ന്യൂസം ‘എക്സി’ൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.