ഡോണള്‍ഡ് ട്രംപ്

'മോദി ഫ്രണ്ടാണ്, മഹാനാണ്'; സംഘര്‍ഷം അവസാനിച്ചതിന്റെ 'ക്രെഡിറ്റ്' വീണ്ടും ഏറ്റെടുത്ത് ട്രംപ്

വാഷിങ്ടണ്‍: ഓപറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇരു രാജ്യങ്ങളും യു.എസുമായി വ്യാപാരം നടത്താന്‍ അതിയായി ആഗ്രഹിക്കുന്നു. പാകിസ്താനിലും ഇന്ത്യയിലും നല്ലവരായ നിരവധി പേരുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മോദി തന്റെ സുഹൃത്താണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'വ്യാപാരത്തിലൂടെ അത് അവസാനിപ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയും പാകിസ്താനുമായി വലിയ വ്യാപാര ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. എന്താണവിടെ നടന്നുകൊണ്ടിരുന്നത്? ഏതെങ്കിലും ഒരുകക്ഷിക്ക് അവസാനമായി കൊല്ലാന്‍ ആരെങ്കിലും വേണം. എന്നാല്‍ അവിടെ ഓരോദിവസവും സാഹചര്യം കൂടുതല്‍ മോശമാകുന്നു. രാജ്യങ്ങള്‍ക്കിടയില്‍ കടന്നുകയറി ആക്രമണമുണ്ടാകുന്നു.

അത് അവസാനിപ്പിച്ചുവെന്ന് ഇപ്പോള്‍ എനിക്ക് പറയാന്‍ താല്‍പര്യമില്ല. രണ്ട് ദിവസത്തിനു ശേഷം എന്തോ സംഭവിച്ചപ്പോള്‍ എല്ലാം ട്രംപിന്റെ കുഴപ്പമാണെന്ന് കുറ്റപ്പെടുത്തി. പാകിസ്താനിലും ഇന്ത്യയിലും നല്ലവരായ നിരവധിപേരുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ 'ഫ്രണ്ടാ'ണ്. അദ്ദേഹം മഹാനാണ്' -ട്രംപ് പറഞ്ഞു.

നേരത്തെയും സമാന അവകാശവാദവുമായി ട്രംപ് രംഗത്തുവന്നെങ്കിലും, ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മധ്യസ്ഥതയുണ്ടായില്ലെന്നും സൈനിക മേധാവികള്‍ പരസ്പര ധാരണയിലെത്തുകയായിരുന്നു എന്നുമാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ യു.എസിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്നാണ് പാകിസ്താന്റെ വാദം.

ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം മേയ് ഏഴിന് പുലര്‍ച്ചെ ഓപറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. പാകിസ്താനിലും പാക്കധാന കശ്മീരിലുമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. നൂറിലേറെ ഭീകരരാണ് സൈനിക ദൗത്യത്തില്‍ കൊല്ലപ്പെട്ടത്.

Tags:    
News Summary - Trump, again, claims credit for ending India-Pakistan conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.