വാഷിങ്ടൺ: ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള ഇടപാടിന് അനുമതി നൽകി ട്രംപ് ഭരണകൂടം. 2,000 പൗണ്ട് ബോംബ് ഉൾപ്പടെയുള്ളവ വിൽക്കുന്നതിനുള്ള അനുമതിയാണ് നൽകിയത്. ഗസ്സയിൽ ഹമാസുമായി നടത്തുന്ന പോരാട്ടത്തിന് ഇസ്രായേലിന് വൻതോതിൽ ആയുധങ്ങൾ നൽകിയത് യു.എസായിരുന്നു.
35,500 എം.കെ 84, ബ്ലു-117 ബോംബുകൾ 4,000 യുദ്ധവിമാനങ്ങൾ എന്നിവയെല്ലാമാണ് യു.എസ് ഇസ്രായേലിന് വിൽക്കുകയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു. അടിയന്തരമായി ആയുധങ്ങൾ കൈമാറേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ വിൽപനയിൽ യു.എസ് കോൺഗ്രസിന്റെ അവലോകനം നടത്തിയിട്ടില്ലെന്നും റുബിയോ പറഞ്ഞു.
അതേസമയം, ഇസ്രായേലും ഹമാസും രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച വ്യാഴാഴ്ച ആരംഭിച്ചതായി മധ്യസ്ഥ രാജ്യങ്ങളിലൊന്നായ ഈജിപ്ത് അറിയിച്ചു. ഒന്നാംഘട്ട വെടിനിർത്തൽ കരാറിന്റെ സമയപരിധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. ഇസ്രായേൽ, ഹമാസ്, ഖത്തർ, യു.എസ് പ്രതിനിധികൾ ചർച്ചക്കായി കൈറോയിലുണ്ട്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അവസാന ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിൽ ഇസ്രായേൽ ആക്രമണം പുനരാരംഭിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
സഹായവസ്തുക്കൾ യഥേഷ്ടം കടത്തിവിടുന്നതിന് ഇസ്രായേൽ തടസ്സം നിൽക്കുന്നതിനാൽ ഗസ്സ നിവാസികൾ ദുരിതത്തിലാണ്. റമദാനോടനുബന്ധിച്ച് മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ സൈന്യം കൂടുതൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.