വാഷിങ്ടൺ: ഫലസ്തീനിൽ നിരപരാധികളായ നിരവധിപേർ കൊല്ലപ്പെടുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇസ്രായേൽ ഫലസ്തീനിൽ വീണ്ടും ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് കമല ഹാരിസിന്റെ പ്രസ്താവന. കോപ്28 കാലാവസ്ഥ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അവരുടെ പ്രതികരണം.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു. എന്നാൽ, മനുഷ്യാവകാശ നിയമങ്ങൾ പാലിക്കണമെന്ന് അസന്ദിഗ്ധമായി യു.എസ് പറയുന്നു. നിരപരാധികളായ ഒരുപാട് ഫലസ്തീനികളാണ് കൊല്ലപ്പെടുന്നത്. ഗസ്സയിൽ നിന്ന് വരുന്ന ചിത്രങ്ങളും വിഡിയോകളും ഹൃദയഭേദകമാണ്. ഫലസ്തീനിലെ സാധാരണ പൗരൻമാരെ സംരക്ഷിക്കാൻ ഇസ്രായേൽ കൂടുതൽ നടപടി സ്വീകരിക്കണമെന്നും കമല ഹാരിസ് ആവശ്യപ്പെട്ടു.
ഗസ്സയുടേയും വെസ്റ്റ് ബാങ്കിന്റേയും ഭാവിയെ കുറിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചർച്ച നടത്തിയെന്നും കമലഹാരിസ് കൂട്ടിച്ചേർത്തു. ഫലസ്തീൻ വിഷയം അറബ് നേതാക്കളുമായി ചർച്ച ചെയ്തു. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് താൻ ചർച്ചയിൽ ഊന്നിപറഞ്ഞതെന്നും കമല ഹാരിസ് വ്യക്തമാക്കി. ഒന്ന് ഗസ്സയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക. രണ്ടാമത്തേത് ഫലസ്തീൻ അതോറിറ്റിയുടെ സുരക്ഷ സംവിധാനം മെച്ചപ്പെടുത്തുക. മൂന്ന് ഫലസ്തീൻ അതോറിറ്റിയുടെ ഭരണകാര്യത്തിൽ മാറ്റം വരുത്തുക എന്നിവയാണെന്ന് കമല ഹാരിസ് കൂട്ടിച്ചേർത്തു.
ഈ യുദ്ധം കഴിയുന്നതോടെ ഹമാസിന് മേഖലയിലുള്ള സ്വാധീനം നഷ്ടമാകും. ഇതോടെ ഇസ്രായേൽ സുരക്ഷിതമാകും. ഫലസ്തീന് കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ലഭിക്കുമെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.
ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് ഇസ്രായേൽ ആരംഭിച്ച കനത്ത വ്യോമാക്രമണത്തിൽ തെക്കൻ ഗസ്സയിൽ 193 പേർ മരിച്ചിരുന്നു. 650 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇതോടെ ഗസ്സയിലെ ആകെ മരണം 15,200 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. ഖാൻ യൂനുസിൽനിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ശക്തമായ ബോംബാക്രമണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.