ഇക്കഴിഞ്ഞ ഖുദ്സ് ദിനത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെഹ്റാനിൽ നടന്ന റാലിയിൽ അലി ലാരിജാനി പങ്കെടുത്തപ്പോൾ

അലി ലാരിജാനി: ഇറാനിയൻ പ്രതിരോധത്തിന്റെ കരുത്തുറ്റ പ്രതീകം

തെഹ്റാൻ: രാജ്യത്തിന്റെ സർവസ്വമായ ഇമാം അലി ഖാംനഈയെ ബോംബിട്ട് ഇല്ലാതാക്കിയപ്പോൾ ഇസ്രായേലും അമേരിക്കയും അയച്ച നെടുനിശ്വാസം മുഴുമിപ്പിക്കാൻ അനുവദിക്കാതെ, ആ സ്ഥാനത്തേക്ക് ഉറച്ച കാലടികളോടെയും വാക്കുകളോടെയും മറ്റൊരാൾ കയറിവന്നു. അലി ലാരിജാനി എന്ന ഇറാന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അത്.

സയണിസ്റ്റ് സഖ്യത്തിനെതിരെ ഇറാനിൽനിന്ന് ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദമാണ് അലി ലാരിജാനിയുടേത്. സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, ഇറാനിലെ പ്രതിരോധ-സുരക്ഷാ നയങ്ങളുടെ മുഖ്യ ശിൽപി. ഡോണൾഡ് ട്രംപ് ചർച്ചകൾക്കായി മുന്നോട്ടാഞ്ഞിട്ടും ‘ഞങ്ങൾ അമേരിക്കക്കാരുമായി ചർച്ചക്കില്ല’ എന്ന് പ്രഖ്യാപിച്ച ലാരിജാനി, ഇറാനിയൻ പ്രതിരോധത്തിന്റെ കരുത്തുറ്റ പ്രതീകമായി ലോകത്തെ ഒന്നടങ്കം ആകർഷിച്ചു. മതപണ്ഡിതരുടെ പാരമ്പര്യവും സൈനിക-ഭരണകൂട അനുഭവങ്ങളും ഒത്തുചേരുന്ന അപൂർവം നേതാക്കളിൽ ഒരാളാണ് അദ്ദേഹം.

1958ൽ ഇറാഖിലെ നജഫിലാണ് അലി ലാരിജാനി ജനിച്ചത്. പ്രമുഖ മതപണ്ഡിതന്റെ മകൻ. എന്നാൽ, മതപഠനത്തോടൊപ്പംതന്നെ പാശ്ചാത്യ തത്ത്വചിന്തയിലും ശാസ്ത്ര വിഷയങ്ങളിലും അദ്ദേഹം അഗാധമായ അറിവ് നേടി. ഇമ്മാനുവൽ കാന്റ്, ദെക്കാർത്തെ തുടങ്ങിയ ദാർശനികരെക്കുറിച്ച് പുസ്തകങ്ങൾ രചിച്ചു. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനു ശേഷം റെവലൂഷനറി ഗാർഡ് കോർപ്സിലും പിന്നീട് സാംസ്കാരിക മന്ത്രിയായും ദീർഘകാലം പാർലമെന്റ് സ്പീക്കറായും പ്രവർത്തിച്ചു.

2015ൽ അമേരിക്കയുമായി ഇറാൻ ഒപ്പുവെച്ച ചരിത്രപരമായ ആണവ കരാർ യാഥാർഥ്യമാക്കുന്നതിൽ ലാരിജാനിയുടെ പങ്ക് വളരെ വലുതാണ്. അന്ന് പാർലമെന്റ് സ്പീക്കറായിരുന്ന അദ്ദേഹം, കരാറിന് ആവശ്യമായ നിയമപരമായ പിന്തുണ ഉറപ്പുവരുത്താൻ മുൻകൈയെടുത്തു.

ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിച്ചിരുന്ന വ്യക്തി, മാറിയ യുദ്ധ സാഹചര്യത്തിൽ തന്റെ നയങ്ങൾ കൂടുതൽ കർക്കശമാക്കി. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. എന്നാൽ, രാജ്യത്തെ വലിയൊരു അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴാതെ അദ്ദേഹം പിടിച്ചുനിർത്തി. ഭരണകൂടത്തിന് ദിശാബോധം നൽകി. ‘ഇറാൻ ജനതയുടെ ഹൃദയങ്ങളിൽ നിങ്ങൾ തീയിട്ടു, പകരം ഞങ്ങൾ നിങ്ങളുടെ ഹൃദയം ചുട്ടെരിക്കും’ എന്ന് ആ ദിവസങ്ങളിലൊന്നിൽ അദ്ദേഹം തിരിച്ചടിച്ചു. ശത്രുക്കളുടെ ആക്രമണം കൂടുതൽ രൂക്ഷമായാൽ ആണവായുധങ്ങളിലേക്ക് നീങ്ങാനും മടിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ യുദ്ധത്തിൽ ഇറാനിയൻ സൈന്യത്തെയും നയതന്ത്ര നീക്കങ്ങളെയും ഒരേസമയം നിയന്ത്രിക്കുന്ന ‘തലച്ചോറ്’ അലി ലാരിജാനിയാണ്. വൻ പ്രതിഫലം പ്രഖ്യാപിച്ച് താനടക്കമുള്ളവരെ ഉന്നമിടുന്നുവെന്നറിഞ്ഞിട്ടും തെഹ്റാനിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ ഖുദ്സ് ദിന റാലിയിൽ തെരുവിലിറങ്ങി ജനങ്ങൾക്കിടയിലൂടെ നടന്ന് അമേരിക്കയെ വെല്ലുവിളിച്ചു.


Tags:    
News Summary - Ali Larijani: A powerful symbol of Iranian resistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.