‘ഇത് പത്ര സ്വാതന്ത്ര്യത്തിന്റെ ഇരുണ്ട ദിനം’: ട്രംപിന്റെ മാധ്യമ നയത്തിൽ ഒപ്പിടാതെ പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകരുടെ ഇറങ്ങിപ്പോക്ക്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ തയ്യാറാവാതെ ഡസൻ കണക്കിന് റിപ്പോർട്ടർമാർ പെന്റഗണിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി​പ്പോയി. ഇതേത്തുടർന്ന് അമേരിക്കയിലെ എല്ലാ പ്രധാന മാധ്യമ സ്ഥാപനങ്ങളിൽ നിന്നുമുള്ള പെന്റഗൺ റിപ്പോർട്ടർമാരുടെ ബാഡ്ജുകൾ പ്രതിരോധ വകുപ്പ് കണ്ടുകെട്ടിയെന്ന് പെന്റഗൺ പ്രസ് അസോസിയേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ദേശീയ സുരക്ഷാ റിപ്പോർട്ടിങ്ങിനെ കുറ്റകൃത്യമാക്കുമെന്നും അതിൽ ഉൾ​പ്പെടുന്നവരെ പ്രോസിക്യൂഷന് വിധേയമാക്കുമെന്നുമുള്ള പരോക്ഷമായ ഭീഷണിയെത്തുടർന്ന് റിപ്പോർട്ടർമാർ പുതിയ മാധ്യമ നയത്തിൽ ഒപ്പിടില്ല എന്ന് തീരുമാനിച്ചതിനാലാണ് ഈ നടപടി.

പതിറ്റാണ്ടുകളായി പെന്റഗൺ കെട്ടിടത്തിൽ ജോലി ചെയ്തുവരുന്ന ചില മാധ്യമപ്രവർത്തകർ അവരുടെ സ്വകാര്യ തൊഴിൽ സാമഗ്രികളുമായി പോകുന്ന ദൃശ്യങ്ങൾ ഫോട്ടോകളിൽ കാണിച്ചു.

‘യു.എസ് സൈന്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പെന്റഗൺ പ്രസ് അസോസിയേഷന്റെ അംഗങ്ങൾ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഇന്ന് 2025 ഒക്ടോബർ 15. പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട ദിനമാണിത്. ഭരണത്തിലെ സുതാര്യത, പെന്റഗണിലെ പൊതു ഉത്തരവാദിത്തം, സർവർക്കും അഭിപ്രായ സ്വാതന്ത്ര്യം എന്നിവക്കുള്ള യു.എസ് പ്രതിബദ്ധത ദുർബലമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ ഉയർത്തുന്നു’വെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.

ക്ലാസിഫൈഡ് രേഖകൾ, ചില പ്രത്യേക വിവരങ്ങൾ എന്നിവ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാൽ അവരെ സുരക്ഷാ ഭീഷണിയുള്ളവരായി മുദ്രകുത്താമെന്നും അവരുടെ പെന്റഗൺ പ്രസ് ബാഡ്ജുകൾ റദ്ദാക്കാമെന്നും ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ പെന്റഗൺ റി​പ്പോർട്ടർമാർ അംഗീകരിക്കണമെന്ന് നയം ആവശ്യപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ സമഗ്രമായ കവറേജിന്റെ തടസ്സപ്പെടുത്തലിനെ കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് 30 മാധ്യമ സ്ഥാപനങ്ങളെങ്കിലും പത്രപ്രവർത്തകർക്കായുള്ള പുതിയ പെന്റഗൺ നയത്തിൽ ഒപ്പിടാൻ വിസമ്മതിച്ചു.

 സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് പ്രധാന പ്രക്ഷേപണ ശൃംഖലകളും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ‘പെന്റഗണിന്റെ പുതിയ ആവശ്യകതകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന എല്ലാ വാർത്താ സ്ഥാപനങ്ങളുമായും ഞങ്ങൾ ഐക്യപ്പെടുന്നു. ഇത് പ്രധാനപ്പെട്ട ദേശീയ സുരക്ഷാ വിഷയങ്ങളെക്കുറിച്ച് രാജ്യത്തെയും ലോകത്തെയും അറിയിക്കാനുള്ള പത്രപ്രവർത്തകരുടെ കഴിവിനെ നിയന്ത്രിക്കും. ഈ നയം അമ്പരപ്പിക്കുന്നതാണ്. കൂടാതെ പ്രധാന പത്രപ്രവർത്തന സംരക്ഷണങ്ങളെ ഭീഷണിപ്പെടുത്തുന്നു. സ്വതന്ത്രമായ പത്രപ്രവർത്തനത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഞങ്ങളുടെ ഓരോ സ്ഥാപനവും പതിറ്റാണ്ടുകളായി ചെയ്തതുപോലെ ഞങ്ങൾ യു.എസ് സൈന്യത്തെ വാർത്തളാക്കുന്നത് തുടരും’.

പ്രതിവർഷം ഒരു ട്രില്യൺ ഡോളർ നികുതിദായകരുടെ പണം ഉപയോഗപ്പെടുത്തുന്ന യു.എസ് സൈന്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത വിധം പുതിയ നയം തടസ്സമുണ്ടാക്കുമെന്ന് തങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും സർക്കാരും സൈന്യവും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും ന്യൂയോർക്ക് ടൈംസിന്റെ വാഷിങ്ടൺ ബ്യൂറോ ചീഫ് റിച്ചാർഡ് സ്റ്റീവൻസൺ പ്രതികരിച്ചു.

Tags:    
News Summary - ‘This is a dark day for press freedom’: Journalists walk out of Pentagon without signing Trump’s media policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.