സ്ത്രീകള്‍ക്ക് ഒന്നിലേറെ ഭര്‍ത്താക്കന്മാരാകാം; നിയമനിര്‍മാണവുമായി ഈ രാജ്യം, വിവാദം

കേപ്ടൗണ്‍: സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം ചെയ്യാനുള്ള നിയമനിര്‍മാണവുമായി ദക്ഷിണാഫ്രിക്ക. കരട് നിയമപ്രകാരം സ്ത്രീക്ക് ഒരേ സമയം ഒന്നിലേറെ ഭര്‍ത്താക്കന്മാരാകാം. അതേസമയം, യാഥാസ്ഥിതികരും മതനേതൃത്വവും തീരുമാനത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ബഹുഭാര്യത്വവും സ്വവര്‍ഗവിവാഹവും നിയമവിധേയമാണ്. എന്നാല്‍, സ്ത്രീകള്‍ ഒരു വിവാഹം മാത്രമേ ചെയ്യാവൂ. ഇത് ലിംഗനീതിക്ക് വിരുദ്ധമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ബഹുഭര്‍തൃത്വം അനുവദിക്കാനുള്ള കരട് നിര്‍ദേശം (ഗ്രീന്‍ പേപ്പര്‍) ആഭ്യന്തര വകുപ്പ് അവതരിപ്പിച്ചത്.

മനുഷ്യാവകാശ സംഘടനകളുമായും മറ്റും ചര്‍ച്ച ചെയ്ത ശേഷമാണ് കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബഹുഭാര്യത്വം പോലെ ബഹുഭര്‍തൃത്വവും അംഗീകരിച്ചാല്‍ മാത്രമേ തുല്യത കൈവരൂവെന്ന നിര്‍ദേശമാണ് ആക്ടിവിസ്റ്റുകള്‍ മുന്നോട്ടുവെച്ചത്.

അതേസമയം, തീരുമാനം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യാഥാസ്ഥിതികരും മതനേതൃത്വവും തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തി. ആഫ്രിക്കന്‍ സംസ്‌കാരത്തെ തന്നെ തീരുമാനം ഇല്ലാതാക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

പുരുഷന് തുല്യമായ വിവാഹാവകാശം സ്ത്രീക്കും നല്‍കിയാല്‍ സമൂഹം എന്നത് തന്നെ തകരുമെന്ന് ആഫ്രിക്കന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കെന്നത്ത് മെശോ പറഞ്ഞു. പ്രമുഖ വ്യവസായിയും ടി.വി താരവുമായ മുസ സെലേക്കുവും തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തി. ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാമെങ്കില്‍ അവരുടെ കുഞ്ഞുങ്ങളുടെ അവസ്ഥയെന്താകുമെന്ന് അദ്ദേഹം ചോദിക്കുന്നു. അവരുടെ അസ്ഥിത്വമെന്താകും. പുരുഷന്റെ ധര്‍മങ്ങള്‍ സ്ത്രീക്ക് നിര്‍വഹിക്കാനാകില്ല. ഒന്നിലേറെ വിവാഹം ചെയ്യുമ്പോള്‍ സ്ത്രീയുടെ പേര് പുരുഷന്റെ പേരിന്റെ ഭാഗമാകുമോയെന്നും മുസ സെലേക്കു ചോദിച്ചു. ഇദ്ദേഹത്തിന് നാല് ഭാര്യമാരാണുള്ളത്.

കരട് നിര്‍ദേശങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ ജൂണ്‍ അവസാനം വരെയാണ് സമയം നല്‍കിയത്.

Tags:    
News Summary - This Country Might Soon Allow Women to Marry Multiple Husbands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.