വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും തുടങ്ങിയ സംഘർഷം കടുക്കുന്നതോടെ ലോകം നേരിടാൻ പോകുന്നത് ആഗോള ഭക്ഷ്യക്ഷാമമെന്ന് മുന്നറിയിപ്പ്. യുദ്ധത്തെത്തുടർന്നുണ്ടായ ഭക്ഷ്യ വിലക്കയറ്റവും ഭക്ഷ്യ വിതരണത്തിലെ തടസ്സവും ആഗോള ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് യു.എൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ചരക്കുഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായ ഹുർമൂസ് കടലിടുക്ക് പ്രതിസന്ധിയിലായതോടെ നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണ്.
പ്രതിദിനം നൂറോളം കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ ഇപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണ് സഞ്ചരിക്കുന്നത്. കടലിടുക്കിൽ ഇറാൻ മൈനുകൾ വിന്യസിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ ഇന്ധനവിലയേക്കാൾ വലിയ ആഘാതം ഭക്ഷ്യമേഖലയിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഹുർമൂസ് കടലിടുക്ക് കേവലം എണ്ണക്കപ്പലുകൾക്കുള്ള പാത മാത്രമല്ല, ലോകത്തിന്റെ ഭക്ഷ്യശൃംഖലയിലെ ഏറ്റവും നിർണായകമായ കണ്ണിയാണ്. ഗോതമ്പ്, ചോളം, അരി, സോയാബീൻ, പഞ്ചസാര തുടങ്ങിയ അവശ്യസാധനങ്ങൾ ഈ പാതയിലൂടെയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുന്നത്. കടലിടുക്ക് പൂർണമായും അടക്കപ്പെട്ടാൽ ഈ രാജ്യങ്ങളിലെ 10 കോടിയോളം വരുന്ന ജനങ്ങളെ പോറ്റാൻ പ്രതിദിനം 19.1 കോടി പൗണ്ട് ഭക്ഷണം എത്തിക്കേണ്ടി വരും. ഇത് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി (ഡബ്ല്യു.എഫ്.പി) നടത്തുന്ന പ്രവർത്തനങ്ങളേക്കാൾ എത്രയോ മടങ്ങ് വലിയ ദൗത്യമായിരിക്കും.
ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ 70 ശതമാനവും ഹുർമൂസ് വഴി എത്തുന്നതാണ്. കൂടാതെ, ലോകത്ത് വ്യാപാരം ചെയ്യപ്പെടുന്ന നൈട്രജൻ വളത്തിന്റെ 30-40 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇത് യൂറോപ്പിലെയും അമേരിക്കയിലെയും കർഷകരെ പ്രതിസന്ധിയിലാക്കും.
ഗൾഫ് മേഖലയിലെ ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഭക്ഷണ ക്ഷാമത്തോടൊപ്പം കുടിവെള്ള ക്ഷാമവും രൂക്ഷമാവും. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കും. നിലവിലെ സാഹചര്യം ഇറാനെയും സാരമായി ബാധിക്കുന്നതാണ്. ആഭ്യന്തരമായി വിലക്കയറ്റം നേരിടുന്ന ഇറാനിൽ ഭക്ഷ്യക്ഷാമം കൂടി ഉണ്ടായാൽ അത് ജനരോഷം വർധിപ്പിക്കാൻ ഇടയാക്കും.
യുക്രെയ്ൻ യുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധിക്കായിരിക്കും ഹുർമൂസ് കടലിടുക്കിന്റെ അടച്ചുപൂട്ടൽ സാക്ഷ്യം വഹിക്കുക. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ലോകം വലിയ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.