ലണ്ടൻ: നിറയെ ചെടിയും മരവും അതിരിട്ട്, പുല്ലും പൂക്കളും വളർന്ന് ദൃശ്യ മനോഹാരിത പകർന്ന ഈ ഗ്രാമം നാട്ടുകാരുടെ പേടിസ്വപ്നമായി രൂപംമാറിയിട്ട് ഏറെയായിട്ടില്ല. പൊടുന്നനെ കൂൺ പോലെ മുളക്കുന്ന ഗർത്തങ്ങളാണിപ്പോൾ ഗ്രാമത്തിെൻറ ആധി. ഒരു മാസത്തിനിടെ പുതുതായി ഉണ്ടായത് 100 ലേറെ കൂറ്റൻ കുഴികൾ.
സംഭവം പക്ഷേ, അടുത്തെങ്ങുമല്ല, യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയിലാണ്. വീടുകളും താമസക്കാരും വേണ്ടുവോളമുള്ള വടക്കു കിഴക്കൻ ക്രൊയേഷ്യയിലെ മെസൻചാനി ഗ്രാമത്തിൽ.
വിശാലമായ തോട്ടം സ്വന്തമായുള്ള നികൊളാ ബോറോജെവിച്ചിെൻറ വീട്ടുപരിസരത്ത് രൂപപ്പെട്ടത് 15 മീറ്റർ താഴ്ചയും 30 മീറ്റർ വീതിയുമുള്ള ഗർത്തമാണ്. കണ്ടാൽ ഭയന്നുപോകുന്ന പാതാളം. മറ്റു പലർക്കും ദിവസങ്ങളുടെ വ്യത്യാസത്തിൽ സമാനമായ അനുഭവം തന്നെ സംഭവിച്ചു. ഇനി വീടുകൂടി ഗർത്തം വിഴുങ്ങുമോ എന്നാണ് നാട്ടുകാരെ കുഴക്കുന്ന ചോദ്യം.
പ്രദേശത്തോടു ചേർന്നുള്ള പെട്രിഞ്ചയിൽ അടുത്തിടെ വൻ ഭൂചലനം സംഭവിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ, നാലു പതിറ്റാണ്ടിനിടെ ക്രൊയേഷ്യയിലുണ്ടായ ഏറ്റവും വലിയ ഭൂചലനത്തിൽ മരിച്ചത് ഏഴു പേർ.
സംഭവത്തിന് ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാണ് പലർക്കും ഇതുപോലൊരു ഭീതിയുടെ അനുഭവം. ബോറോജെവിച്ചിെൻറ വീട്ടുപറമ്പിലെ ഗർത്തം ആദ്യം 10 മീറ്ററിലായിരുന്നുവെങ്കിൽ ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്ക് വളർന്ന് 30 മീറ്ററായി. വീതി കൂടുന്നതിനൊപ്പം ഓരോ ആഴ്ചയിലും ഒന്ന് എന്ന തോതിൽ പുതിയത് ഉണ്ടാകുന്നുമുണ്ട്. പലരുടെയും വീടിനോടു ചാരിയാണ് ഗർത്തങ്ങളെന്നത് ഇരട്ടി ഭീതി നൽകുന്നു.
സംഭവം ദേശീയ, അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയതോടെ പഠനം ലക്ഷ്യമിട്ട് ഭൂഗർഭ ശാസ്ത്രജ്ഞർ പ്രേദശത്ത് ക്യാമ്പ് ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഭൂചലന സാധ്യത ഏറെയുള്ളതാണ് ക്രൊയേഷ്യയുടെ ഭൂമിശാസ്ത്രം. കഴിഞ്ഞ വർഷാവസാനം ഇവിടെ നടന്ന ഭൂചലനത്തിെൻറ പ്രഭവ കേന്ദ്രത്തിനരികെയായിരുന്നു 1909ലെ വൻ ഭൂകമ്പം നടന്നതും.
ഭൂചലനത്തിെൻറ തുടർച്ചയായി പൊതുവെ പിന്നീട് ഗർത്തം രുപപ്പെടാറില്ലെങ്കിലും അതും സംഭവിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതാകാം ഇവിടെ കാണുന്ന പ്രതിഭാസവും. ഒരു ഗ്രാമത്തിൽ തുടങ്ങിയ ഗർത്തങ്ങൾ ഇപ്പോൾ രണ്ടു ഗ്രാമങ്ങളെ ഒന്നാകെ ഭീതിയുടെ മുനയിൽ നിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.