ഖർത്തൂം: മൂന്നുദിവസത്തെ വെടിനിർത്തൽ അവസാനിച്ചതോടെ സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. തലസ്ഥാനമായ ഖർത്തൂമിലും ദാർഫറിലും സമീപ നഗരങ്ങളിലും വ്യാഴാഴ്ച വ്യോമാക്രമണവും വെടിവെപ്പുമുണ്ടായി. ഇതുവരെ 512 പേർ മരിച്ചതായും 4193 പേർക്ക് പരിക്കേറ്റതായുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. യഥാർഥ കണക്ക് ഇതിനേക്കാൾ കൂടുതലാകുമെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 15ന് സംഘർഷം ആരംഭിച്ചശേഷം വിവിധ ഘട്ടങ്ങളിൽ വെടിനിർത്തലുണ്ടായി. വിദേശികളെ ഒഴിപ്പിക്കാനാണ് കഴിഞ്ഞ മൂന്നുദിവസം വെടിനിർത്തിയത്. വിവിധ രാജ്യങ്ങൾ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യം സംഘടിപ്പിച്ചുവരുകയാണ്. വ്യാഴാഴ്ച ചൈന പൗരന്മാരെ ഒഴിപ്പിക്കാൻ യുദ്ധക്കപ്പൽ അയച്ചു. ഇന്ത്യ ഇതുവരെ 500ലേറെ പൗരന്മാരെ ഒഴിപ്പിച്ചു.
സുഡാൻ പൗരന്മാരും വ്യാപകമായി പലായനം ചെയ്യുന്നു. 2,70,000 സുഡാനികൾ ദക്ഷിണ സുഡാൻ, ചാഡ് എന്നീ ദരിദ്ര അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി യു.എൻ അധികൃതർ വ്യക്തമാക്കി. ഈജിപ്ത്, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും അപകടം പിടിച്ച വഴികളിലൂടെ ആളുകൾ പോകുന്നു. രാജ്യത്തെ മാനുഷിക സാഹചര്യം അതീവ ഗുരുതരമാണ്. വെള്ളവും വൈദ്യുതിയും ഭക്ഷണവുമില്ലാതെ ജനം ദുരിതത്തിലാണ്. ഇന്റർനെറ്റ് ബന്ധവും വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് രാജ്യം ഭരിച്ച പ്രസിഡന്റ് ഉമർ അൽബഷീർ 2019ൽ സൈനിക അട്ടിമറിയിലൂടെ പുറത്തായതോടെയാണ് സുഡാനിലെ സമീപകാല സംഘർഷം ആരംഭിക്കുന്നത്. അന്ന് രാജ്യത്തെ തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കാന്‍ സിവിലിയന്‍, സൈനിക പ്രാതിനിധ്യമുള്ള പരമാധികാര കൗണ്‍സിലും രൂപവത്കരിച്ചു. 2023ഓടെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാനായിരുന്നു ധാരണ. ഈ കരാർ 2021ലെ സൈനിക അട്ടിമറിയിലൂടെ തകർക്കപ്പെട്ടു. തുടർന്ന് ഭരണം പൂർണമായും സൈന്യത്തിന്റെയും ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെയും കൈയിലൊതുങ്ങി.
പാരാമിലിട്ടറി വിഭാഗത്തിന്റെകൂടി നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്റെ നീക്കമാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം. വെടിനിർത്തൽ നീട്ടാൻ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ശ്രമം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.