വിസക്കായി വ്യാജ കവർച്ചാ നാടകം; പത്ത് ഇന്ത്യക്കാർക്കെതിരെ അമേരിക്കയിൽ കേസ്, ശിക്ഷക്ക് ശേഷം നാടുകടത്തും

ന്യൂയോർക്ക്/ബോസ്റ്റൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വരികയായിരുന്ന പത്ത് ഇന്ത്യൻ പൗരന്മാർ വിസ തട്ടിപ്പിനായി വ്യാജ കവർച്ചകൾ ആസൂത്രണം ചെയ്ത കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തി. ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറിയാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കടകളിൽ ആയുധധാരികളായ അക്രമികൾ എത്തി കവർച്ച നടത്തുന്നതായി അഭിനയിക്കുകയും, അതിലൂടെ തങ്ങൾ അക്രമത്തിന് ഇരയായവരാണെന്ന് കാണിച്ച് യു-വിസ സ്വന്തമാക്കാൻ ശ്രമിക്കുകയുമായിരുന്നു.

അമേരിക്കയിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കും, ആ കേസുകളിൽ നിയമപാലകരെ സഹായിക്കുന്നവർക്കും നൽകുന്ന പ്രത്യേക വിസയാണ് 'യു-വിസ'. ശാരീരികമായോ മാനസികമായോ പീഡനം അനുഭവിച്ചവർക്ക് യു.എസിൽ തുടരാൻ ഈ വിസ അനുമതി നൽകുന്നു. ഇത് ദുരുപയോഗം ചെയ്യാനാണ് പ്രതികൾ വ്യാജ കവർച്ചകൾ നാടകീയമായി ആസൂത്രണം ചെയ്തത്.

പണം നൽകി ഒരാളെ കവർച്ചക്കാരനായി വാടകക്കെടുക്കും. ഇയാൾ കടകളിൽ തോക്കുമായി എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുന്നതായി അഭിനയിക്കും. ഈ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വിയിൽ കൃത്യമായി പതിയാൻ പ്രതികൾ ശ്രദ്ധിച്ചിരുന്നു. കവർച്ചക്കാരൻ രക്ഷപ്പെട്ട് അഞ്ച് മിനിറ്റിനുശേഷം മാത്രം പൊലീസിനെ വിവരം അറിയിക്കും. പിന്നീട് ഈ സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി കാണിച്ച് വിസക്കായി അപേക്ഷിക്കും.

ജിതേന്ദ്രകുമാർ പട്ടേൽ (39), മഹേഷ് കുമാർ പട്ടേൽ (36), സഞ്ജയ് കുമാർ പട്ടേൽ (45), ദീപികാബെൻ പട്ടേൽ (40) (ഇവരെ ഇതിനോടകം ഇന്ത്യയിലേക്ക് നാടുകടത്തിയിട്ടുണ്ട്), രമേഷ് ഭായ് പട്ടേൽ (52), അമിതാബെൻ പട്ടേൽ (43), റോണക് കുമാർ പട്ടേൽ (28), സംഗീതാബെൻ പട്ടേൽ (36), മിങ്കേഷ് പട്ടേൽ (42), സോണൽ പട്ടേൽ (42) എന്നിവരാണ് കുറ്റാരോപിതർ. ഈ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ റാംഭായ് പട്ടേലും ഡ്രൈവർ ബൽവീന്ദർ സിങ്ങും 2025 മെയ് മാസത്തിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

വിസ തട്ടിപ്പിനുള്ള ഗൂഢാലോചനക്ക് അഞ്ച് വർഷം വരെ തടവും 2.5 ലക്ഷം ഡോളർ (ഏകദേശം 2 കോടിയിലധികം രൂപ) പിഴയും ലഭിക്കാം. ശിക്ഷാ കാലാവധി പൂർത്തിയാക്കിയാലുടൻ ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് യു. എസ് നീതിന്യായ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Ten Indian nationals indicted for visa fraud conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.