ഹൈദരാബാദ്: വനിതകോൺസ്റ്റബിളിനെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ എസ്.ഐ അറസ്റ്റിൽ. തെലങ്കാന പൊലീസിലെ എസ്.ഐയെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സർവീസിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
പി.വി.എസ് ഭവാനിസെൻ ഗൗഡ് എന്ന കലേശ്വറാം പൊലീസ് സ്റ്റേഷനിലെ എസ്.ഐയാണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജുഡീഷ്വൽ കസ്റ്റഡിയിൽ വിട്ടു. ജൂൺ 15ന് പഴയ പൊലീസ് സ്റ്റേഷൻ ബിൽഡിങ്ങിൽ വെച്ചാണ് കോൺസ്റ്റബിളിനെ ബലാത്സംഗത്തിനിരയായത്. റിവോൾവർ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പൊലീസുകാരി മൊഴി നൽകി. വിവരം പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു.
42കാരിയുടെ പരാതിയെ തുടർന്ന് പൊലീസ് എസ്.ഐയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ റിവോൾവർ പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ എസ്.ഐക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വനിത പൊലീസുകാർ രംഗത്തെത്തി.
എസ്.ഐക്കെതിരായ പരാതി ലഭിച്ചതിന് പിന്നാലെ ഐ.ജി എ.വി രഘുനാഥ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ സർവീസിൽ നിന്നും പുറത്താക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ഇയാളെ പുറത്താക്കാൻ തീരുമാനിച്ചത്.
നേരത്തെയും എസ്.ഐക്കെതിരെ ബലാത്സംഗ പരാതി ഉയർന്നിട്ടുണ്ട്. കോൺസ്റ്റബിൾ പരീക്ഷയുടെ പരിശീലനത്തിന് സഹായമെന്ന് അറിയിച്ച്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു എസ്.ഐക്കെതിരായ കേസ്. 2022 ജൂലൈയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് എസ്.ഐയെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.