ലബനാൻ: യു.എസ്-ഇസ്രായേൽ വെടിനിർത്തലിൽ ആശ്വാസകരമായ അന്തരീക്ഷം തങ്ങളുടെ രാജ്യത്തും പ്രതീക്ഷിച്ചിരുന്നു ലബനാനികൾ. എന്നാൽ ആകാശത്തിന്റെ നീലിമയെ പുകമയമായാക്കി നിരന്തരം ആക്രമണങ്ങൾ ലബനാനിൽ അഴിച്ചുവിട്ടു ഇസ്രായേൽ. പിതാവിന്റെ അന്ത്യയാത്രയിൽ സങ്കടക്കടലിലായിരുന്ന ഒരു കുടുംബത്തിന് ഇസ്രായേൽ സൈന്യം വിധിച്ചത് മറ്റൊരു കൂട്ടക്കുരുതി.
കഴിഞ്ഞ ബുധനാഴ്ചയാണ് ലബനാനിലെ ശ്രീഫ ഗ്രാമത്തിലെ സഈദ് കുടുംബത്തിനുനേരെ വ്യോമാക്രമണം നടത്തിയത്. രണ്ട് വയസ്സുകാരി തലീൻ സഈദ് എന്നുപേരുള്ള പിഞ്ചുകുഞ്ഞിനെയടക്കം ഒരു കുടുംബത്തിലെ നാലുപേരെയാണ് ഇസ്രായേൽ കൊലക്കിരയാക്കിയത്. കൊല്ലപ്പെട്ട പിതാവിന്റെ മയ്യിത്ത് നമസ്കാരം കഴിഞ്ഞ് വീട്ടിൽ വിലാപത്തിന്റെ പ്രാർഥനയിലായിരിക്കുമ്പോഴാണ് കുടുംബത്തിൽ വീണ്ടും മരണങ്ങൾ പെയ്തിറങ്ങിയത്. ആക്രമണത്തിൽ തലീന്റെ ഏഴു വയസ്സുകാരിയായ സഹോദരി അലീൻ ഗുരുതര പരിക്കുകളോടെ പൊള്ളലേറ്റ് ചികിത്സയിലാണ്.
"അവൾ യുദ്ധത്തിനിടയിലാണ് ജനിച്ചത്, യുദ്ധത്തിനിടയിൽ തന്നെ മരിക്കുകയും ചെയ്തു." 2024ൽ ഹിസ്ബുല്ല-ഇസ്രായേൽ പോരാട്ടം ശക്തമായ വേളയിലായിരുന്നു തലീൻ ഞങ്ങലിലേക്ക് സന്തോഷവുമായി ചെന്നെത്തിയത്. രണ്ട് വയസ്സ് പോലും തികയാത്ത ആ പൈതൽ രക്തത്തിൽ കുതിർന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ കെട്ടായി മാറിയിരിക്കുന്നു -തലീന്റെ മുത്തച്ഛൻ മുഹമ്മദ് നസാൽ വിതുമ്പലോടെ പറഞ്ഞു.
ലബനാനിലെ തൈർ നഗരത്തിലെ ആശുപത്രിക്ക് പുറത്ത് പച്ചത്തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയപ്പോൾ കണ്ടുനിന്നവരുടെ ചങ്കുതകർക്കുന്ന കാഴ്ചകളാണ് അരങ്ങേറിയത്. അലീന്റെയും തലീന്റെയും മുത്തച്ഛനായ 64-കാരൻ നാസർ സഈദ്, തലയിലും കൈകളിലും പരിക്കുകളോടെ നിശബ്ദനായി വിതുമ്പുമ്പോൾ, ചുറ്റുമുള്ള സ്ത്രീകൾ ആകാശത്തേക്ക് കൈകളുയർത്തി അലമുറയിടുകയായിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ ലബനാനിലും സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു സഈദിന്റെ കുടുംബവും. വെടിനിർത്തൽ നിലവിൽ വന്നുവെന്ന വാർത്തകൾക്കിടെയാണ് മരിച്ചുപോയ പിതാവിനെ അടക്കം ചെയ്യാനാണ് കുടുംബം ഗ്രാമത്തിലേക്ക് എത്തിയിരുന്നത്.
"വെടിനിർത്തലായെന്ന് എല്ലാവരും പറഞ്ഞു. ഞങ്ങൾ പ്രാർഥനകൾ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്നാണ് ഞങ്ങൾക്ക് മുകളിൽ ഒരു കൊടുങ്കാറ്റ് പതിക്കുന്നത് പോലെ തോന്നിയത്," നാസർ സഈദ് ആ ഭീകരനിമിഷം ഓർത്തെടുത്തു.
ഇസ്രായേൽ നടത്തിയ ഈ ക്രൂരമായ ആക്രമണം ഒരു യുദ്ധക്കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇസ്രായേലിൽ ഒരു കുട്ടിക്ക് പരിക്കേറ്റാൽ ലോകം മുഴുവൻ ഉണരും. ഞങ്ങൾ മനുഷ്യരല്ലേ? ഞങ്ങളും അവരെപ്പോലെയുള്ളവരല്ലേ?" എന്ന അദ്ദേഹത്തിന്റെ ചോദ്യം ലോകമനസാക്ഷിക്ക് നേരെ ഉയരുന്ന ഒന്നാണ്.
കഴിഞ്ഞ ബുധനാഴ്ച മാത്രം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ലബനാനിൽ 350ലധികം പേരാണ് കൊല്ലപ്പെട്ടത്. മാർച്ചിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 2,000ത്തിലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ 165 കുട്ടികളും 250 സ്ത്രീകളും ഉൾപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ ഓരോ അരമണിക്കൂറിലും പരിക്കേറ്റവരുടെ പ്രവാഹമാണെന്ന് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
അതിനിടെ, സാധാരണക്കാരെ സംരക്ഷിക്കാൻ എല്ലാവർക്കും ധാർമിക ബാധ്യതയുണ്ടെന്ന് ഓർമിപ്പിച്ച പോപ്പ് ലിയോ, ലബനാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ, സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ലബനാനിലെ ജനത ഇപ്പോഴും മരണത്തിന്റെ മുനമ്പിലാണ് ജീവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.