സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറായെ സ്വീകരിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
ഡമസ്കസ്: സിറിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യ വിദേശ യാത്രക്ക് സൗദിയിലെത്തി ഹൈഅത് തഹ്റീർ അശ്ശാം നേതാവ് അഹമ്മദ് അൽ ഷറാ. വിദേശകാര്യ മന്ത്രി അസാദ് അൽ ശൈബാനിക്കൊപ്പമാണ് അദ്ദേഹം സൗദി ജെറ്റ് വിമാനത്തിൽ തലസ്ഥാനമായ റിയാദിലെത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സിറിയൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. സിറിയയുടെ വിദേശ നയത്തിൽ കാതലായ മാറ്റം വന്നെന്ന സൂചനയാണ് അബു മുഹമ്മദ് അൽ ജൂലാനി എന്നറിയപ്പെട്ടിരുന്ന അൽ ഷറായുടെ സൗദി സന്ദർശനം വ്യക്തമാക്കുന്നത്.
ബശ്ശാറുൽ അസദ് പ്രസിഡന്റായിരിക്കെ അറബ് രാജ്യങ്ങൾക്ക് പകരം ഇറാനുമായാണ് സിറിയ ഏറ്റവും ശക്തമായ നയതന്ത്ര ബന്ധം പുലർത്തിയിരുന്നത്. അസദിനെതിരെ 2011ലെ ജനകീയ പ്രക്ഷോഭത്തിന് ഏറ്റവും പിന്തുണ നൽകിയ രാജ്യങ്ങളിൽ ഒന്നാണ് സൗദി.
ഇറാന്റെയും റഷ്യയുടെയും സഹായത്തോടെയാണ് അന്ന് അസദ് ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയത്. അസദ് ഭരണകൂടം തകർന്നതിന് പിന്നാലെ പൂട്ടിയ ഡമസ്കസിലെ ഇറാന്റെ നയതന്ത്ര കാര്യാലയം ഇതുവരെ തുറന്നിട്ടില്ല. അൽഖാ ഇദയുമായി ബന്ധമുള്ള സംഘടനയാണെങ്കിലും സിറിയൻ ഭരണം പിടിച്ച ശേഷം പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹൈഅത് തഹ്റീർ അശ്ശാം. ഇതിന്റെ ഭാഗമായി രാജ്യത്തെ ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയും ഭരണതലത്തിൽ വനിതകളെ നിയമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.