ഖർത്തൂം: സുഡാനിൽ പുതിയ സർക്കാർ രൂപവത്കരണം വേഗത്തിലാക്കാമെന്ന് സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ യു.എസിനു ഉറപ്പുനൽകി. അറസ്റ്റ് ചെയ്ത നാലു മന്ത്രിമാരെ മോചിപ്പിക്കാൻ അൽ ബുർഹാൻ ഉത്തരവിട്ടിരുന്നു. യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി അൽ ബുർഹാൻ നടത്തിയ ടെലിഫോൺ ചർച്ചക്കു പിന്നാലെയാണ് മന്ത്രിമാരെ മോചിപ്പിച്ചത്.
പുതിയ സർക്കാർ രൂപവത്കരണത്തിനായി രണ്ടു രാഷ്ട്രീയ പാർട്ടികളുമായി ധാരണയിലെത്തിയതായും സൈനിക മേധാവി പറഞ്ഞു. സൈനിക അട്ടിമറിക്കു പിന്നാലെ അറസ്റ്റ് ചെയ്ത രാഷ്ട്രീയനേതാക്കളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ബ്ലിങ്കൻ അൽ ബുർഹാനോട് ആവശ്യപ്പെട്ടതായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറ് വക്താവ് നെഡ് പ്രൈസ് സ്ഥിരീകരിച്ചു.
സൈനിക അട്ടിമറി നടന്ന സുഡാനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ യു.എൻ മാധ്യസ്ഥ്യശ്രമങ്ങൾ നടത്തിയിരുന്നു. ഒക്ടോബർ 25നാണ് നിലവിലുണ്ടായിരുന്ന ജനകീയ സർക്കാറിനെ പിരിച്ചുവിട്ട് സൈന്യം ഭരണം പിടിച്ചെടുത്തത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.