യു.എസ് എതിർപ്പ് ​വകവെക്കില്ല; ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ യു.കെ

ലണ്ടൻ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം പൂർത്തിയായാൽ ഉടൻ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമാർ. ന്യൂയോർക്കിൽ തുടങ്ങുന്ന യു.എൻ പൊതുസഭ സമ്മേളനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കാനാണ് യു.കെ നീക്കം. ഗസ്സയിലെ മനുഷ്യരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഒരു നടപടിയും സ്വീകരിക്കാത്ത ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് കൂടിയാണ് യു.കെ ഫലസ്തീന് അംഗീകാരം നൽകുന്നത്.

സെപ്തംബർ 23നാണ് യു.എൻ പൊതുസഭയുടെ സമ്മേളനം തുടങ്ങുന്നത്. ഇതിന് മുമ്പായി ഇക്കാര്യത്തിൽ സ്റ്റാർമറുടെ ഭാഗത്ത് നിന്നും പ്രഖ്യാപനം ഉണ്ടാവും. അതേസമയം, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിന് എതിരായ സമീപനമാണ് യു.എസ് സ്വീകരിക്കുന്നത്. എന്നാൽ, ഈ എതിർപ്പ് യു.കെ വകവെക്കാൻ സാധ്യതയില്ലെന്നാണ് സൂചന. യു.കെ മാത്രമല്ല ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വരും ദിവസങ്ങളിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും.

ജൂലൈയിൽ തന്നെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന സൂചനകൾ സ്റ്റാർമർ നൽകിയിരുന്നു. ലേബർ പാർട്ടി എം.പിമാരിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ അദ്ദേഹം തയാറായത്. നിലവിൽ യു.എന്നിലെ 193 അംഗങ്ങളിൽ 147 പേരും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. അതേസമയം, ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ലണ്ടൻ മേയർ സാദിഖ് ഖാൻ രംഗത്തെത്തി.

ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണ്. കുട്ടികൾ പട്ടിണി കിടക്കുന്നു. 20,000ത്തോളം കുട്ടികളാണ് നിലവിൽ കടുത്ത പട്ടിണിയിൽ കഴിയുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും യു.എൻ റിപ്പോർട്ടുകളും വംശഹത്യ തന്നെയാണ് ഗസ്സയിൽ നടക്കുന്നതെന്ന് പകൽപോലെ തെളിയിക്കുന്നുവെന്നും സാദിഖ് ഖാൻ പറഞ്ഞു. അതേസമയം, ഈ റിപ്പോർട്ട് അംഗീകരിക്കാൻ ഇസ്രായേൽ ഇതുവരെ തയാറായിട്ടില്ല.

അതേസമയം, ഗസ്സയിലെ പ്രവർത്തനം തുടരുന്ന അവസാന ആശുപത്രികൾക്ക് സമീപവും ഇസ്രായേൽ മിസൈലിട്ടു. കരയാക്ര​മണം തുടങ്ങിയതിന് പിന്നാലെയാണ് ആശുപത്രികൾക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ഗസ്സയിലെ അൽ-ശിഫ, അൽ-അഹ്‍ലി ആശുപത്രികൾക്കെതിരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. 15 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമൂലം 40 രോഗികൾക്ക് ആശുപത്രി ഒഴിയേണ്ടി വന്നു. നിരവധി രോഗികൾ ജീവനക്കാർക്കൊപ്പം ആശുപത്രിയിൽ കുടുങ്ങി കിടക്കുകയാണ്.ഇസ്രായേൽ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഹമാസ് രംഗത്തെത്തി.

Tags:    
News Summary - Starmer to recognise Palestinian state ‘after Trump state visit’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.