സ്‌പെയിൻ -ഇസ്രായേൽ ‘നയതന്ത്ര യുദ്ധം’ മൂർച്ഛിക്കുന്നു, ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി

മാഡ്രിഡ്: ഗസ്സയിൽ സാധാരണക്കാരെ ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്നതിനെ വിമർശിച്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ പ്രസ്താവനയെ തുടർന്ന് രൂപപ്പെട്ട ‘നയതന്ത്ര യുദ്ധം’ പുതിയ തല​ത്തിലേക്ക്. ഇസ്രായേൽ അംബാസഡറെ വിളിപ്പിച്ച് സ്‌പെയിൻ വിശദീകരണം തേടി.

​ഗസ്സയിലെ പൗരന്മാരെ കൊലപ്പെടുത്തുന്നത് ന്യായീകരിക്കാനാവി​ല്ലെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നുമാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഭിപ്രായ​പ്പെട്ടത്. എന്നാൽ, ഇത് ഇസ്രായേലിനെ ചൊടിപ്പിച്ചു. തുടർന്ന് സ്പാനിഷ് അംബാസഡറെ ഇസ്രായേൽ വിളിച്ച് ശാസിച്ചു. ഇതിന് തിരിച്ചടിയായാണ് ഇസ്രായേൽ അംബാസഡർ റോഡിക റായൻ-ഗോർഡനെ സ്​പെയിൻ വിളിപ്പിച്ചത്.

ഇസ്രായേൽ സർക്കാരിന്റെ തെറ്റായ ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടതായി സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ് അറിയിച്ചു.

വെള്ളിയാഴ്ച ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ എന്നിവരോടൊപ്പം റഫ അതിർത്തി സന്ദർശിച്ചപ്പോഴാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണത്തെ വിമർശിച്ചത്. ഇതിനുപിന്നാലെ സ്പാനിഷ്, ബെൽജിയൻ അംബാസഡർമാരെ വിളിപ്പിച്ച് കഠിനമായ ശാസന നൽകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പറഞ്ഞിരുന്നു. ഐ.എസിനേക്കാൾ മോശമായ ഭീകര സംഘടനക്കെതിരെ അന്താരാഷ്ട്ര നിയമം അനുസരിച്ചാണ് തങ്ങൾ പോരാടുന്നതെന്നായിരുന്നു എലി കോഹന്റെ വിശദീകരണം.

Tags:    
News Summary - spain summons Israeli ambassador in spat over Gaza war comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.