ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക

ഹേഗ്: യുദ്ധത്തിന്‍റെ മറവിൽ ഗസ്സയിൽ ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിച്ചു. 1948ലെ വംശഹത്യ കൺവെൻഷനിലെ കരാറിന്‍റെ നഗ്നമായ ലംഘനമാണിതെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഇസ്രായേൽ ഇതിനോട് പ്രതികരിച്ചത്.

യുദ്ധത്തിലും എല്ലാത്തപ്പോഴും വംശഹത്യയുടെ പ്രവർത്തനങ്ങൽ തടയുന്നതിന് ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിൽ ദുരിതമനുഭവിക്കുന്ന സിവിലിയന്മാരുടെ ദുരവസ്ഥയിൽ ദക്ഷിണാഫ്രിക്ക വളരെയധികം ആശങ്കാകുലരാണ്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തുടർച്ചയായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗസ്സയിൽ നടക്കുന്നത് കൂട്ടക്കൊലയാണ്, വംശഹത്യ അല്ലെങ്കിൽ അനുബന്ധ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണിത്. ഇസ്രായേലിന്‍റെ സൈനിക നടപടികളും പുറംതള്ളലും വംശഹത്യ സ്വഭാവമുള്ളതാണ്. കാരണം അവ ഫലസ്തീൻ ദേശീയ, വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ളതാണെന്നും 84 പേജുള്ള ഹരജിയിൽ പറയുന്നു.

ഹരജി അടുത്തയാഴ്ച തന്നെ പരിഗണിക്കണമെന്നും ഗസ്സയിൽ എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കാനും വംശഹത്യ തടയാനും ഇസ്രായേലിന് നിർദേശം നൽകണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ അവകാശവാദം കോടതിയെ ചൂഷണം ചെയ്യുന്നതാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോർ ഹയാത്ത് പറഞ്ഞു. അതേസമയം, ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 21,500 കഴിഞ്ഞു. അരലക്ഷത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നിരന്തര ആക്രമണത്തിൽ ഗസ്സക്കാരിൽ 85 ശതമാനവും ഭവനരഹിതരായി. ടാർപോളിൻകൊണ്ടുണ്ടാക്കിയ താൽക്കാലിക അഭയാർഥി ക്യാമ്പുകളിലാണ് ഇവർ താമസിക്കുന്നത്. ഗസ്സയിൽ വെടിനിർത്തലിന് ഈജിപ്ത് മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യാൻ ഹമാസ്, ഇസ്‍ലാമിക് ജിഹാദ് പ്രതിനിധി സംഘം കൈറോയിലെത്തിയിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം, സ്ഥിരം വെടിനിർത്തൽ എന്നിങ്ങനെ മൂന്നുഘട്ട പദ്ധതിയാണ് ഈജിപ്ത് നിർദേശിച്ചത്.

ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ ഇനി ചർച്ചക്കില്ലെന്ന് ഒരാഴ്ച മുമ്പ് കൈറോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ്യ വ്യക്തമാക്കിയിരുന്നു. യുദ്ധം തുടങ്ങി 84 ദിവസം പിന്നിട്ടിട്ടും ബന്ദികളെ പൂർണമായി മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രായേലിൽ നെതന്യാഹു സർക്കാറിനുമേൽ സമ്മർദം ശക്തമാണ്.

ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ തെൽഅവീവിൽ നടന്നിരുന്നു.

Tags:    
News Summary - South Africa files case with international court accusing Israel of ‘genocidal acts’ in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.