അത്ഭുത കാഴ്ചയായി 'സ്കൈ ബ്രിഡ്ജ് 721'; ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം തുറന്നു

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം 'സ്കൈ ബ്രിഡ്ജ് 721' വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. രണ്ടുവർഷത്തോളമായി നിർമാണത്തിലിരുന്ന പാലം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. പാലത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രണ്ട് പർവതനിരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം താഴ്‌വരയിൽ നിന്ന് 312 അടി ഉയരത്തിലാണ് തൂങ്ങിക്കിടക്കുന്നത്. 2365 അടി അഥവാ 721 മീറ്റർ നീളമുണ്ട്. 1.2 മീറ്ററാണ് വീതി. മേഘങ്ങൾ മൂടിയ ജെസെങ്കി പർവതങ്ങളുടെ മനോഹര കാഴ്ചകളും അൽപ്പം ഭയാനകമായ അനുഭവവും നിറഞ്ഞതാണ് പാലത്തിലൂടെയുള്ള യാത്ര.

ചെക്ക് തലസ്ഥാനമായ പ്രാഗിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ സ്കൈ ബ്രിഡ്ജ് 721ൽ എത്താം. പാലത്തിലൂടെ വൺവേ നടത്തം മാത്രമേ സന്ദർശകർക്ക് സാധിക്കൂ. ഒരു വശത്ത് കൂടെ പ്രവേശിച്ചാൽ തിരിച്ച് ഇതേ വഴി നടക്കാൻ സാധിക്കില്ല. 1125 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരയിൽ നിന്നാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ, പുറത്ത് കടക്കുന്നത് 10 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വനത്തിലേക്കാണ്.

തൂക്കുപാലത്തിന് 200 ദശലക്ഷം ക്രൗൺ ചിലവായി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഏകദേശം 8.4 ദശലക്ഷം ഡോളർ വരും. ചെക്ക് റിപ്പബ്ലിക് സ്കൈ ബ്രിഡ്ജിന് നേപ്പാളിലെ ബഗ്‌ലുങ് പർബത് ഫുട്‌ബ്രിഡ്ജിനേക്കാൾ 154 മീറ്റർ നീളമുണ്ട് ഈ പാലത്തിന്. നിലവിൽ ഏറ്റവും നീളമുള്ള തൂക്കുപാലത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ബഗ്‌ലുങ് പർബതിനാണ്.

Tags:    
News Summary - Sky Bridge 721: World's Longest Suspension Bridge Opens In Czech Republic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.