ബോസ്റ്റൺ: വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാർഡ് സർവ്വകലാശാലയും എം.ഐ.ടിയും സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ കേംബ്രിഡ്ജിൽ വെടിവെപ്പ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ചാൾസ് നദിക്ക് സമീപമുള്ള അതിവേഗ പാതയിൽ തോക്കുധാരി നടത്തിയ അക്രമത്തിൽ രണ്ട് ഡ്രൈവർമാർക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. വെടിയേറ്റ പ്രതിയെ കീഴ്പ്പെടുത്തിയ സ്റ്റേറ്റ് ട്രൂപ്പറും വിരമിച്ച മറൈൻ സൈനികനും വലിയൊരു ദുരന്തം ഒഴിവാക്കി.
തിങ്കളാഴ്ച വൈകുന്നേരത്തെ തിരക്കിനിടയിലാണ് ബോസ്റ്റൺ നിവാസിയായ ടൈലർ ബ്രൗൺ (46) മാരകായുധവുമായി റോഡിലിറങ്ങിയത്. ചാൾസ് നദിക്കരയിലൂടെയുള്ള പ്രധാന പാതയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഇയാൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. അറുപതിലധികം റൗണ്ട് വെടിയുണ്ടകൾ ഇയാൾ പ്രയോഗിച്ചതായാണ് പ്രാഥമിക വിവരം. വെടിവെപ്പ് തുടങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാർ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് ജീവരക്ഷാർത്ഥം പലദിശകളിലേക്ക് ചിതറിയോടി. പലരും റോഡരികിലെ കുറ്റിക്കാടുകളിലും മരങ്ങൾക്കിടയിലും ഒളിച്ചാണ് രക്ഷപ്പെട്ടത്.
അക്രമിയുടെ പക്കലുണ്ടായിരുന്ന അസോൾട്ട് റൈഫിളിൽ നിന്നുള്ള വെടിയുണ്ടകൾ പന്ത്രണ്ടിലധികം വാഹനങ്ങളിലാണ് തുളച്ചുകയറിയത്. ഇതിൽ ഒരു സ്റ്റേറ്റ് പൊലീസ് ക്രൂയിസറും ഉൾപ്പെടുന്നു. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡ്രൈവർമാർക്ക് അക്രമിയുടെ വെടിയേറ്റു. ഇവരെ അതീവ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആളുകൾ ഭയന്നോടുമ്പോൾ തന്റെ സർവ്വീസ് റിവോൾവർ ഉപയോഗിച്ച് ഒരു സ്റ്റേറ്റ് ട്രൂപ്പർ അക്രമിയെ നേരിടാൻ മുന്നോട്ടുവന്നു. ഈ സമയം റോഡിലൂടെ യാദൃശ്ചികമായി വന്ന വിരമിച്ച ഒരു മറൈൻ സൈനികനും തന്റെ കൈവശമുണ്ടായിരുന്ന ആയുധവുമായി ട്രൂപ്പർക്കൊപ്പം ചേർന്നു. ഇരുവരും ചേർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ അക്രമിക്ക് വെടിയേൽക്കുകയും അയാൾ നിലത്തുവീഴുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് സംഘം ഇയാളെ വളഞ്ഞ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കിയെന്ന് മിഡിൽസെക്സ് ഡിസ്ട്രിക്റ്റ് അറ്റോർണി മരിയൻ റയാൻ പറഞ്ഞു.
അക്രമം നടത്തിയ ടൈലർ ബ്രൗൺ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പ് പൊലീസിനെതിരെ വെടിയുതിർത്ത കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല, കടുത്ത മാനസിക പ്രയാസങ്ങൾ നേരിടുന്ന ഇയാൾ അടുത്തിടെയാണ് ഒരു സൈക്യാട്രിക് ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയത്.
വധശ്രമം, ലൈസൻസില്ലാതെ ആയുധം കൈവശം വെക്കൽ തുടങ്ങി എട്ടോളം ഗൗരവകരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹാർവാർഡ്, എം.ഐ.ടി തുടങ്ങിയ കാമ്പസുകൾക്ക് തൊട്ടടുത്ത് നടന്ന ഈ സംഭവം പ്രദേശത്തെ വിദ്യാർഥികളെയും താമസക്കാരെയും വലിയ തോതിൽ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.