ഇറാനിൽ ശിയ വിശുദ്ധകേന്ദ്രത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര
തെഹ്റാൻ: മഹ്സ അമീനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ പ്രതിഷേധങ്ങൾ വ്യാപകമായിരിക്കെ ശനിയാഴ്ച പ്രതിഷേധക്കാർക്കെതിരെയും സർക്കാറിന് അനുകൂലവുമായി ശിയ വിഭാഗത്തിന്റെ കൂറ്റൻ പ്രകടനം. ശിയ വിശുദ്ധ കേന്ദ്രത്തിൽ ബുധനാഴ്ച വെടിയേറ്റ് മരിച്ച 15 പേരുടെ മൃതദേഹം സംസ്കരിക്കാൻ ഷിറാസ് നഗരത്തിൽ ഒത്തുകൂടിയവരാണ് പ്രകടനം നടത്തിയത്.
ദേശീയപതാക പുതപ്പിച്ച മൃതദേഹവുമായി നടത്തിയ വിലാപയാത്രയിൽ അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ എന്നിവക്കെതിരെ മുദ്രാവാക്യം വിളിച്ചു. ദേശീയ ടെലിവിഷനിൽ തത്സമയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. ഇറാന്റെ സൈനിക വിഭാഗമായ റെവലൂഷനറി ഗാർഡ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി ചടങ്ങിൽ സംസാരിച്ചു. കലാപം അവസാനിപ്പിക്കാനും ശത്രുവിന്റെ കരുക്കളാകാതിരിക്കാനും അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.
മഹ്സ അമീനി മരിച്ച് 40ാം ദിവസം ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ച അതേദിവസമാണ് ഷാ ചിരാഗ് മസ്ജിദ്/മ്യൂസിയത്തിൽ വെടിവെപ്പ് നടന്നത്. മൂന്ന് തോക്കുധാരികളുടെ വെടിയേറ്റാണ് 15 പേർ മരിച്ചത്. ഇസ്‍ലാമിക് സ്റ്റേറ്റ് അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.