മെക്സികോ സിറ്റി: കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ എൽ മെൻചോ എന്ന പേരിൽ അറിയപ്പെടുന്ന നെമേസിയോ റുബൻ ഒസിഗുവേരയെ സൈനിക ഓപറേഷനിൽ വധിച്ചു. പടിഞ്ഞാറൻ നഗരമായ ജലിസ്കോയിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ സൈന്യം ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു. ഇതിനിടെ, എൽ മെൻചോയുടെ മരണത്തിന് പിന്നാലെ ജലിസ്കോ അടക്കം മെക്സികോയിലെ 12 സംസ്ഥാനങ്ങളില്‍ കലാപസമാനമായ ആക്രമണങ്ങൾ അരങ്ങേറി.
യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരത്തെ തുടർന്നായിരുന്നു ഓപറേഷനെന്നാണ് ഔദ്യോഗിക വിവരം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഒട്ടേറെപേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
ജലിസ്കോ ന്യൂ ജനറേഷനൽ കാർട്ടൽ എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവനായിരുന്നു എൽ മെൻചോ. ഇയാളുടെ തലക്ക് യു.എസ് സർക്കാർ 15 ദശലക്ഷം ഡോളർ (136 കോടി രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു. ലോകമെങ്ങും സിന്തറ്റിക് മയക്കുമരുന്നുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന എൽ മെൻചോ സംഘത്തില്‍ 20,000 പേരുണ്ട്.
മറ്റു ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരുന്ന സംഘം വളരെ കുറഞ്ഞ കാലംകൊണ്ട് മെക്സികോയിലെ ശക്തരായ മാഫിയയായി മാറിയിരുന്നു. യു.എസിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാർട്ടലും എൽ മെൻചോയുടേതായിരുന്നു. ജാലിസ്കോയിൽ തോക്കുധാരികളായി എൽ മെൻചോ അനുയായികൾ ആക്രമണ പരമ്പരതന്നെ അഴിച്ചുവിട്ടു.
ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വാഹനങ്ങൾക്കും തീയിട്ടു. വിനോദസഞ്ചാര നഗരമായ പ്യൂർട്ടോ വല്ലാർട്ടയിലും വ്യാപക ആക്രമണം അരങ്ങേറി. സംഭവത്തെ തുടർന്ന് പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള വിമാന സർവിസുകൾ എയർ കാനഡ നിർത്തിവെച്ചു.
വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഗ്വാഡലജാരയില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ കടകള്‍ക്ക് തീയിട്ടു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യക്കാർക്ക് എംബസി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.