`അമേരിക്കയുടെ കാലം കഴിഞ്ഞു, അവകാശങ്ങൾ അംഗീകരിക്കാതെ ഹുർമുസ് തുറക്കില്ല'; പുതിയ ആഗോള വ്യവസ്ഥ കൊണ്ടുവരണമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ

തെഹ്റാന്‍: അമേരിക്കയുടെ ആധിപത്യത്തിലുള്ള പഴയ ആഗോള ക്രമം തകർന്നുവെന്നും പുതിയൊരു ലോകക്രമം രൂപപ്പെടുത്താനുള്ള സമയമാണിതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫ്. ഇസ്‌ലാമിക രാജ്യങ്ങൾ പുതിയ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഈ മാറ്റങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഗാലിബാഫിന്റെ പ്രതികരണം. അമേരിക്കൻ ആധിപത്യം നിലനിന്നിരുന്ന പഴയ സംവിധാനത്തിന് ഇനി പ്രസക്തിയില്ലെന്നും രാജ്യങ്ങൾ സ്വന്തം താൽപര്യങ്ങളും പ്രാദേശിക ശക്തിയും അടിസ്ഥാനമാക്കി പുതിയൊരു സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ഇറാന്‍റെ വ്യവസ്ഥകളും മറ്റും അമേരിക്കയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ഞായറാഴ്ച നടന്ന പാർലമെന്‍റ് സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം അറിയിച്ചു. ഇറാന്‍റെ അവകാശങ്ങൾ അംഗീകരിക്കുകയും അമേരിക്ക നൽകിയ ഉറപ്പുകൾ പാലിക്കുകയും ചെയ്യുന്നത് വരെ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി.

അതേ സമയം ഇറാന്റെ വിദേശനയം വ്യക്തവും യുക്തിസഹവും മാറ്റമില്ലാത്തതുമാണെന്ന് ഗാലിബാഫ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം മേഖലയിലെ പുതിയ യാഥാർഥ്യങ്ങൾക്കനുസരിച്ചുള്ള നയതന്ത്ര സമീപനവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരേ സമയം പോരാടുകയും ചർച്ചകൾ നടത്തുകയും വേണമെന്നാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ഏഴ് മാസമായി ആക്രമണങ്ങൾ നേരിടുന്ന ഇറാന്‍ നിസ്സഹായ രാജ്യമല്ലെന്നും തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്ക കേന്ദ്രീകരിച്ചിരുന്ന ആഗോള വ്യവസ്ഥയ്ക്ക് പകരം പ്രാദേശിക രാജ്യങ്ങളുടെ കൂടുതൽ പങ്കാളിത്തമുള്ള പുതിയൊരു രാഷ്ട്രീയ ക്രമം രൂപപ്പെടുകയാണെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കറുടെ വിലയിരുത്തൽ.

Tags:    
News Summary - Iran Declares New World Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.