കമ്പനി വിവരങ്ങൾ ചോർത്തി നൽകി ഓഹരി വിപണിയിൽ തട്ടിപ്പ്: ഏഴ് ഇന്ത്യക്കാർക്കെതിരെ അമേരിക്കയിൽ കേസ്

വാഷിങ്ടൺ: സോഫ്റ്റ്​വെയർ കമ്പനിയുടെ ഓഹരി രഹസ്യങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ​ചോർത്തി നൽകി കോടികൾ സമ്പാദിച്ച ഏഴ് ഇന്ത്യക്കാരായ ജീവനക്കാർക്കെതിരെ അമേരിക്കയിൽ കേസെടുത്തു. കമ്പനിയുടെ ഓഹരിമൂല്യം വർധിക്കുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞ് നടത്തുന്ന 'ഇൻസൈഡർ ട്രേഡിങ്' ഗുരുതരമായ കുറ്റമാണ്. ഏ​ഴര കോടിയോളം രൂപയാണ് ഇവർ ഇങ്ങനെ സമ്പാദിച്ചത്.

സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് വിവര വിനിമയ കമ്പനിയായ 'ട്വിലിയോ'യുടെ സേഫ്റ്റ്​വെയർ എൻജിനീയർമാരായ ഹരിപ്രസാദ് സുരേ (34), ലോകേഷ് ലഗുഡു (31), ചോട്ടു പ്രഭു തേജ് പുളഗം (29) എന്നീ സുഹ‍ൃത്തുക്കളാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്.

ഹരിപ്രസാദ് സുരേ സുഹൃത്ത് ദിലീപ് കുമാർ റെഡ്ഡി കമുജുലക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഇതേത്തുടർന്ന് കമുജുല ട്വിലിയോയുടെ ഓഹരികളിൽ ട്രേഡിങ് നടത്തി നേട്ടമുണ്ടാക്കി. ലോകേഷ് ലഗുഡു കാമുകി സായി നേക്കൽപുടിക്കും സുഹ‍ൃത്ത് അഭിഷേക് ധർമപുരികറിനും, തേജ് പുളഗം തന്റെ സഹോദരൻ ചേതന്‍ പ്രഭുവിനും വിവരങ്ങൾ ചോർത്തി നൽകി കോടികൾ സമ്പാദിച്ചു. ഇവരെല്ലാം കലിഫോർണിയയിലാണ് താമസം.

2020 മാർച്ചിൽ കോവിഡിന്റെ തുടക്കത്തിൽ ഡിജിറ്റൽ കമ്യൂണിക്കേഷൻ കമ്പനിയായ ട്വിലിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് ഓഹരി മൂല്യം വർധിക്കുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞ എൻജിനീയർമാർ സുഹൃത്തുക്കൾക്ക് വിവരം ചോർത്തി നൽകുകയായിരുന്നു.

Tags:    
News Summary - Seven Indian-origin persons charged in one million dollar insider trading scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.