എയർപോർട്ടിൽ സുരക്ഷാ പരിശോധനക്കിടെ യാത്രക്കാരന്റെ ലഗേജിൽ ജീവനുള്ള പാമ്പുകൾ; വളർത്തുമൃഗങ്ങളെന്ന് വിശദീകരണം
കാലിഫോർണിയയിലെ ഒന്റാരിയോ ഇന്റർനാഷണൽ എയർപോർട്ടിൽ ലഗേജ് പരിശോധനക്കിടെ യാത്രക്കാരന്റെ സ്യൂട്ട്കേസിൽ നിന്ന് രണ്ട് ജീവനുള്ള പാമ്പുകളെ കണ്ടെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ താൽക്കാലികമായി നിർത്തിവക്കേണ്ടി വന്നു. സുരക്ഷാ പരിശോധനക്കിടെ സ്യൂട്ട്കേസിനുള്ളിൽ ഒരു പച്ച നിറത്തിലുള്ള ഉറയിൽ ഒളിപ്പിച്ച നിലയിലാണ് പാമ്പുകളെ കണ്ടെത്തിയത്.
പരിശോധനയിൽ കണ്ടെത്തിയ രണ്ട് പാമ്പുകളിൽ ഒന്ന് അപകടകാരിയായ റാട്ടിൽസ്നേക്ക് ആണെന്ന് സ്ഥിരീകരിച്ചു. എയർപോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാഗിന്റെ ഉടമയായ യാത്രക്കാരനെ കണ്ടെത്തുകയും ചെയ്തു. പാമ്പുകൾ തന്റെ വളർത്തുമൃഗങ്ങളാണെന്നും മറ്റൊരു എയർലൈനിൽ താൻ ഇതിനു മുമ്പും ഇവയുമായി യാത്ര ചെയ്തിട്ടുണ്ടെന്നും യാത്രക്കാരൻ അധികൃതരോട് പറഞ്ഞു. തുടർന്ന് അയാൾ പാമ്പുകളെ ബാഗിൽ നിന്ന് പുറത്തെടുത്ത് യാത്ര ചെയ്യാത്ത ഒരു കുടുംബാംഗത്തിന് കൈമാറി.
പാമ്പുകൾ വിഷമുള്ളവയാണോ എന്ന് വ്യക്തമല്ലാത്തതിനാലും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയുമാണ് പരിശോധനകൾ താൽക്കാലികമായി നിർത്തിവച്ചത്. തുടർന്ന് ലഗേജ് വീണ്ടും പരിശോധിക്കുകയും ക്ലിയർ ചെയ്യുകയും ചെയ്ത ശേഷം യാത്രക്കാരനെ യാത്ര ചെയ്യാൻ അനുവദിച്ചു. വളർത്തുമൃഗങ്ങളെയും ഉരഗങ്ങളെയും വിമാനത്തിൽ കൊണ്ടുപോകുന്നതിന് മുമ്പ് യാത്രക്കാർ അതത് എയർലൈനുകളുടെ നിയമങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായ നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.