ഐക്യസർക്കാർ രൂപവത്കരണം: യശർ-ലികുഡ് ചർച്ചകളിൽ പുരോഗതിയില്ല
ജറുസലം: ഗാഡി ഐസൻകോട്ടിന്റെ ‘യശർ’ പാർട്ടിയും പ്രധാനമന്ത്രി ബിന്യൻ നെതന്യാഹുവിന്റെ ‘ലികുഡ്’ പാർട്ടിയും തമ്മിൽ ഞായറാഴ്ച നടന്ന ചർച്ച സൗഹൃദപരമായിരുന്നെങ്കിലും, ഐക്യസർക്കാർ രൂപവത്കരണം സംബന്ധിച്ച് യാതൊരു പുരോഗതിയും ഉണ്ടായില്ലെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വിശാലമായ മുന്നണി രൂപവത്കരണത്തിൽ തീവ്രവലതുപക്ഷ നേതാവ് ഇറ്റമാർ ബെൻ ഗ്വിറിന്റെ ‘ഒട്സ്മ യഹുദിത്’ പാർട്ടിയെ ഒഴിവാക്കാൻ നെതന്യാഹുവിന്റെ സഹകാരികൾ സന്നദ്ധത പ്രകടിപ്പിച്ചതായി ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു.
നഫ്താലി ബെന്നറ്റഫിന്റെ ‘ബ്യഹാദ്’ പാർട്ടി ലികുഡുമായുള്ള ചർച്ചകളെ പിന്തുണക്കുന്നുണ്ടെങ്കിലും, ഐസൻകോട്ട് ബ്ലോക്കിലെ മറ്റ് ചില അംഗങ്ങൾ ഈ ചർച്ചകളെ എതിർക്കുകയാണ്. ഇരുപക്ഷവും പ്രധാനമന്ത്രി പദവി വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് ചർച്ചകളിൽ പ്രതിസന്ധിയുണ്ടാക്കുന്നത്.
അതേസമയം, ഐസൻകോട്ടിന്റെ ബ്ലോക്കും അൾട്രാ ഓർത്തഡോക്സ് പാർട്ടിയായ ‘യുണൈറ്റഡ് തോറ ജൂതഇസം’ (യുടിജെ) പാർട്ടിയും തമ്മിൽ സമാന്തരമായി നടന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ യുടിജെ ഇത് നിഷേധിച്ചു. ശസ് പാർട്ടി ലികുഡിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന നിലപാടിലാണ്.
യശർ - ലികുഡ് ചർച്ചകൾ ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്നു. ചർച്ചകൾ തുടരുമെന്നും ഇരു പാർട്ടികളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
നിലവിലെ സ്പീക്കർ അമീർ ഒഹാനക്ക് പകരം യശർ പാർട്ടിയുടെ എംകെ മാറ്റൻ കഹാനയെ പുതിയ സ്പീക്കറായി നിയമിക്കുന്നതിനെതിരെ ലികുഡ് രംഗത്തെത്തിയെങ്കിലും, ചൊവ്വാഴ്ച തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് യശർ വ്യക്തമാക്കി.
‘എല്ലാ സാഹചര്യത്തിലും ഒരു സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ട് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഇക്കാര്യം നിങ്ങൾ ഉൾക്കൊള്ളണം’ എന്ന് മുതിർന്ന യശർ എംകെ ചിലി ട്രോപ്പർ ലികുഡ് പ്രതിനിധികളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ലികുഡ് ‘തോറ്റു’വെന്ന യാഥാർഥ്യം അവർക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നാണ് യശർ വൃത്തങ്ങൾ പ്രതികരിച്ചത്. എന്നാൽ യശറും ബ്യഹാദും വെറുതെ ‘ഒരു ബോക്സ് ടിക്ക് ചെയ്യാൻ’ വേണ്ടി മാത്രം പങ്കെടുത്തവരാണെന്നും, യഥാർഥത്തിൽ ഐക്യസർക്കാർ രൂപീകരിക്കാൻ അവർക്ക് താൽപ്പര്യമില്ലെന്നുമാണ് ലികുഡ് വൃത്തങ്ങളുടെ വിലയിരുത്തൽ.
സഖ്യത്തിലുള്ള ആരെയും ഒഴിവാക്കില്ലെന്ന നിലപാടിലാണ് ലികുഡ്. ഇടതുപക്ഷ ‘ഡെമോക്രാറ്റ്സ്’ പാർട്ടിയെയോ ബെൻ ഗ്വിറിന്റെ പാർട്ടിയെയോ ഒഴിവാക്കില്ലെന്നാണ് യെറ്റ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഒട്സ്മ യെഹുദിതിനെ ഒഴിവാക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ലികുഡ് അതിൽ കർശന വാശിപിടിക്കില്ലെന്നും നെതന്യാഹുവുമായി അടുത്ത വൃത്തങ്ങൾ ഐസൻകോട്ടിനെ അറിയിച്ചതായി ചില മാധ്യമങ്ങൾ ചെയ്യുന്നു.
യശറുമായുള്ള ചർച്ചകളെ ഡെമോക്രാറ്റ്സ് പാർട്ടിയും യീസ്റെയിൽ ബെയ്തേനു നേതാവ് അവിഗ്ഡോർ ലിബെർമാനും ശക്തമായി എതിർത്തു. ഇത് നെതന്യാഹുവിന്റെ ഒരു ‘കെണിയാണെന്നും’ അദ്ദേഹത്തിന് കൃത്രിമ ജീവൻ നൽകാൻ താൽപ്പര്യമില്ലെന്നും ലിബെർമാൻ വ്യക്തമാക്കി.
മറുവശത്ത്, അറബ് ഭൂരിപക്ഷ പാർട്ടികളെയോ ഹെറേദി പാർട്ടികളെയോ ആശ്രയിക്കുന്നതിനേക്കാൾ ലികുഡുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നതാണ് നല്ലതെന്നാണ് നഫ്താലി ബെന്നറ്റിന്റെ അഭിപ്രായം. എന്നാൽ റൊട്ടേഷൻ കരാറിൽ ഐസൻകോട്ട് ആദ്യം പ്രധാനമന്ത്രിയാകണമെന്ന നിലപാടിലാണ് ബെന്നറ്റ്.
യുടിജെ പാർട്ടിയും ഐസൻകോട്ടിന്റെ ബ്ലോക്കും തമ്മിൽ ദിവസേന ചർച്ചകൾ നടക്കുന്നുണ്ടെന്നും കാര്യമായ പുരോഗതിയുണ്ടെന്നും ചാനൽ 12, ഹാരെറ്റ്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഹെറേദി വിദ്യാർഥികളുടെ കരട് നിയമത്തിൽ സർക്കാർ ഉറപ്പുനൽകിയില്ലെങ്കിൽ യുടിജെ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഷസ് പാർട്ടി. ഷസ് ലികുഡിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് ഷസ് നേതാവ് ആര്യാ ഡെരി വ്യക്തമാക്കി.
തങ്ങളുമായി ചർച്ചകൾ പുരോഗമിക്കുന്നുവെന്ന വാർത്തകൾ യു.ടി.ജെ ചെയർമാൻ യാക്കോബ് അഷർ നിഷേധിച്ചു. ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.