റഷ്യൻ ഡ്രോണുകളെ നേരിടുന്നതിൽ പ്രതിസന്ധി; സ്റ്റാർഷീൽഡ് നിയന്ത്രണങ്ങൾ നീക്കണമെന്ന് സെലന്‍സ്കി
കിയവ്: റഷ്യയുടെ വിട്ടുവീഴ്ചയില്ലാത്ത ആക്രമണത്തിനിടെ യുക്രെയ്നിന്റെ ഉപഗ്രഹ വാർത്താവിനിമയ സംവിധാനമായ സ്റ്റാർഷീൽഡിന്റെ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി. റഷ്യൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയെ നിയന്ത്രണം ബാധിക്കുമെന്നും ഇത് നീക്കേണ്ടത് അനിവാര്യമാണെന്നും സമൂഹമാധ്യമത്തിൽ സെലെൻസ്കി കുറിച്ചു. പ്രതിരോധ ഡ്രോണുകൾ സ്റ്റാർഷീൽഡ് സംവിധാനത്തിലൂടെയാണ് ഓപ്പറേറ്റർമാരുമായി ആശയവിനിമയം നടത്തുന്നത്. നിലവിൽ റഷ്യയുടെ ഷഹീദ് ഡ്രോണുകളെയടക്കം പ്രതിരോധിക്കുന്നതിൽ യുക്രെയ്ൻ തടസ്സം നേരിടുന്നുണ്ട്. റഷ്യൻ അധിനിവേശ പ്രദേശങ്ങൾക്ക് മുകളിലൂടെയുള്ള സഞ്ചാരത്തിനിടെയാണ് പ്രശ്നം കൂടുതലായി അനുഭവപ്പെടുന്നതെന്ന് സെലെൻസ്കി പറയുന്നു. മണിക്കൂറിൽ ഏകദേശം 161 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഡ്രോണുകൾക്ക് കേന്ദ്രങ്ങളുമായി ബന്ധം നഷ്ടപ്പെടുകയാണ്.
അതേസമയം, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആശയവിനിമയ സംവിധാനം കൂടിയായ സ്റ്റാർഷീൽഡിന്റെ നിയന്ത്രണങ്ങൾ സാങ്കേതിക പ്രശ്നമാണെന്ന വിശദീകരണത്തിൽ സെലെൻസ്കി സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്ന പ്രസ്താവനകൾ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുമ്പ് നടത്തിയിരുന്നു. എന്തുതന്നെയായാലും പ്രശ്നം പരിഹരിക്കാൻ ഇലോൺ മസ്കിന്റെ കമ്പനി ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് സെലെൻസ്കി അറിയിച്ചു. ജനങ്ങളുടെ ജീവനും യുക്രെയ്നിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായി പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
ഇതിനിടെ, യുക്രെയ്നിലെ ഒഡേസ തുറമുഖ നഗരമായ ചോർനോമോർസ്കിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഊർജ നിലയത്തിനും വാതക പൈപ്പ്ലൈനിനും സമീപത്തെ നിരവധി വീടുകൾക്ക് ആക്രമണത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് വൈദ്യുതി വിതരണ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചു. ഇതോടെ ഏകദേശം 41,000 ഉപഭോക്താക്കളാണ് വലഞ്ഞത്. തെക്കുകിഴക്കൻ നഗരമായ സപൊറീഷ്യയിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ രണ്ടു വയസ്സുകാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുക്രെയ്നുനേരെ റഷ്യ 2,300ലധികം ഡ്രോണുകളും 1,590 ഗൈഡഡ് ബോംബുകളും 15 മിസൈലുകളുമാണ് പ്രയോഗിച്ചത്. അതേസമയം, റഷ്യയിലെ റോസ്തോവ് മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൈദ്യുതി സബ്സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരു ചീഫ് എൻജിനീയർ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. റഷ്യയിലെ തതാർസ്താൻ മേഖലയിലെ നിഷ്നെകാംസ്കിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.