മനുഷ്യരെ വഹിച്ച് പറന്നുയർന്ന് ചൈനയുടെ ഇലക്ട്രിക് വിമാനം; പരീക്ഷണ പറക്കൽ വിജയകരം

വാണിജ്യ വ്യോമയാന മേഖലയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വിമാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പുമായി ചൈന. ചൈനയുടെ പൊതുമേഖലാ സ്ഥാപനമായ കൊമേഷ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന വികസിപ്പിച്ചെടുത്ത 19 സീറ്റുള്ള സി.ഇ-25എ എന്ന ഇലക്ട്രിക് യാത്രാവിമാനം ആദ്യത്തെ പൈലറ്റ് നിയന്ത്രിത പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി.

നവംബർ 14-ന് ഷാൻഡോങ് പ്രവിശ്യയിലായിരുന്നു പരീക്ഷണം. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറും ഉൾപ്പെടെ മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ടുനിന്ന പരീക്ഷണത്തിൽ 16 മിനിറ്റും 38 സെക്കൻഡും വിമാനം ആകാശത്ത് പറന്നു. ഈ സമയത്തിനുള്ളിൽ 60.4 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ എല്ലാ പ്രവർത്തനങ്ങളും പ്രതീക്ഷിച്ചതുപോലെ സാധാരണ നിലയിലായിരുന്നുവെന്ന് കൊമാക്കിനെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ വർഷം ഫെബ്രുവരി രണ്ടിന് നടന്ന ആളില്ലാ പരീക്ഷണപ്പറക്കലിനും തുടർന്ന് നടത്തിയ 19 പരീക്ഷണ നിരീക്ഷണങ്ങൾക്കും ശേഷമാണ് പൈലറ്റുമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ നിർണ്ണായക പറക്കൽ നടന്നത്. പരമ്പരാഗത വിമാനങ്ങളിലെ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ജെറ്റ് എൻജിനുകൾക്കോ ടർബോപ്രോപ്പ് എൻജിനുകൾക്കോ പകരം ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്-ഫാൻ പ്രൊപ്പൽഷൻ സംവിധാനമാണ് സി.ഇ-25എയിൽ ഉപയോഗിച്ചിരിക്കുന്നത്. വിമാനത്തിന്റെ ചിറകുകളിൽ ഘടിപ്പിച്ചിട്ടുള്ള നിരവധി ഇലക്ട്രിക് ഫാനുകളാണ് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം നൽകുന്നത്. ബാറ്ററി സംവിധാനത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.

പ്രമുഖ ചൈനീസ് ബാറ്ററി നിർമ്മാതാക്കളായ സി.എ.ടി.എൽ, ഷാങ്ഹായ് ജിയാവോ ടോങ് സർവ്വകലാശാല എന്നിവരുമായി സഹകരിച്ചാണ് കൊമാക് ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്. ഹ്രസ്വദൂര പ്രാദേശിക യാത്രകൾ ലക്ഷ്യമിട്ടാണ് ഇതിന്റെ രൂപകൽപ്പന. 19 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വിമാനത്തിന്10 ടൺ ഭാരം താങ്ങാനാകും. മണിക്കൂറിൽ 300 കിലോമീറ്ററാണ് ഇതിന്‍റെ വേഗത. 400 കിലോമീറ്ററാണ് വിമാനത്തിന്‍റെ ദൂരപരിധി.

ചൈനയുടെ സി.സി.എ.ആർ-25 വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് വിമാനം വികസിപ്പിക്കുന്നത്. വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടിയായ ടൈപ്പ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ചൈനീസ് സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചിട്ടുണ്ട്. ചെറിയ പരീക്ഷണ വിമാനങ്ങളിൽ നിന്ന് മാറി വലിയ വാണിജ്യ ഇലക്ട്രിക് വിമാനങ്ങളിലേക്കുള്ള ചൈനയുടെ കുതിപ്പിൽ വലിയൊരു നാഴികക്കല്ലാണ് ഈ നേട്ടം.

Tags:    
News Summary - china introduced electric flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.