ഗ്രൂപ് 20 രാജ്യങ്ങളിൽ സാമ്പത്തിക വളർച്ചയിൽ മുന്നിൽ സൗദി

യാംബു: വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ 'ജി-20' അംഗരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ചത് സൗദി അറേബ്യയാണെന്ന് റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.സൗദിയുടെ സമ്പദ് വ്യവസ്ഥ ഈവർഷം പൂർത്തിയാകുന്നതോടെ 9.9 ശതമാനം വളർച്ച നേടുമെന്നും 2023ൽ വളർച്ച ആറുശതമാനം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കി.

ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളികൾക്കിടയിലും പ്രതീക്ഷിച്ചതിലും കൂടുതൽ സാമ്പത്തിക നേട്ടം സൗദിക്ക് കൈവരിക്കാൻ കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കേണ്ടിവന്ന കർശനമായ സാമ്പത്തിക അച്ചടക്കം, റഷ്യൻ-യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച പ്രതിസന്ധി, ഊർജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം, പണപ്പെരുപ്പ സമ്മർദങ്ങളുടെ വർധന എന്നിവ കാരണമായി ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷകൾക്ക് മങ്ങൽ വീഴ്ത്തി. എന്നാൽ, ഇത്തരം പ്രതിസന്ധികളെ മറികടന്ന് സാമ്പത്തിക വളർച്ച നേടാൻ സൗദിക്ക് കഴിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും നയപരമായ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും വിപണി അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥകളുള്ള 37 രാജ്യങ്ങളിലെ സർക്കാറുകൾ സഹകരിക്കുന്ന ഒരു പ്രത്യേക ഫോറമാണ് ഒ.ഇ.സി.ഡി. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പുറത്തിറക്കുന്ന കണക്കുകളെ വിലയിരുത്തിയാണ് ഒ.ഇ.സി.ഡി 'ജി-20' അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ റിപ്പോർട്ട് പുറത്തിറക്കാറുള്ളത്. സൗദി സമ്പദ്‌ വ്യവസ്ഥയുടെ ശക്തിയെയും അതിന്റെ ഉറച്ച സാമ്പത്തിക നിലയെയും റിപ്പോർട്ടിൽ പ്രശംസിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിന്റെ തുടർച്ചയായ വീണ്ടെടുപ്പും പണപ്പെരുപ്പ നിയന്ത്രണവും, അതിന്റെ ബാഹ്യ സാമ്പത്തിക നിലയുടെ വർധിച്ചുവരുന്ന ശക്തിക്ക് നിമിത്തമായി.സൗദി അറേബ്യയുടെ ഘടനാപരമായ പരിഷ്കാരങ്ങൾ തുടർച്ചയായി നടപ്പാക്കുന്നത് ശക്തവും സമഗ്രവും പരിസ്ഥിതി സൗഹൃദവുമായ വീണ്ടെടുക്കൽ ഉറപ്പാക്കാൻ സഹായിക്കുന്നതായി ചൂണ്ടിക്കാട്ടി. എണ്ണവില വർധനക്കിടെയും പൊതു ധനവിനിയോഗം നിയന്ത്രിക്കുന്നതും സൗദിക്ക് സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിഞ്ഞതിൽ ഒരു ഘടകമാണെന്നും ഒ.ഇ.സി.ഡി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Saudi leads economic growth among G-20 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.