ന്യൂയോർക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ സ്വന്തം നിലക്കാണ് ആക്രമിച്ചതെന്നും ഇക്കാര്യത്തിൽ ഇറാന്റെ 'റെവല്യൂഷനറി ഗാർഡു'മായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രതിയായ ഹാദി മത്തർ പറഞ്ഞു. 'വിവരംകെട്ട' വ്യക്തിയായ റുഷ്ദിയെ ഇഷ്ടമില്ലായിരുന്നുവെന്നും ഷൗറ്റൗക്വ കൗണ്ടി ജയിലിൽനിന്ന് 'ന്യൂയോർക് പോസ്റ്റി'ന് നൽകിയ വിഡിയോ അഭിമുഖത്തിൽ മത്തർ വ്യക്തമാക്കി.
ന്യൂയോർക്കിലെ ഷൗറ്റൗക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പരിപാടിയിൽ പങ്കെടുക്കവെയാണ് 75കാരനായ റുഷ്ദിയെ മത്തർ കുത്തിയത്. തുടർന്ന് ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
റുഷ്ദി മരിച്ചിട്ടില്ലെന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ലെന്ന് മത്തർ പറഞ്ഞു. റുഷ്ദിക്കെതിരെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി 1989ൽ പുറപ്പെടുവിച്ച ഫത്‍വയുടെ സ്വാധീനത്തിലാണോ കൊലപാതകശ്രമമെന്ന ചോദ്യത്തോട് മത്തർ പ്രതികരിച്ചില്ല. ആയത്തുല്ല മഹദ്‍വ്യക്തിയാണ്.
അദ്ദേഹത്തോട് ബഹുമാനമുണ്ട്. ഇത്രമാത്രമേ പറയാനുള്ളൂവെന്നാണ് മത്തർ വ്യക്തമാക്കിയത്. 'സാത്താനിക് വേഴ്സസ്' എന്ന പുസ്തകം രണ്ടുപേജ് മാത്രമാണ് വായിച്ചത്. റുഷ്ദി ഷൗറ്റൗക്വയിൽ വരുന്നതായി നേരത്തേ ട്വീറ്റുണ്ടായിരുന്നു. ഇതുകണ്ടാണ് അവിടെ പോകാൻ തീരുമാനിച്ചത്.
അയാളെ എനിക്ക് ഇഷ്ടമല്ല. അയാൾ നല്ലവനാണെന്ന് കരുതുന്നില്ല. ഇസ്‍ലാമിക വിശ്വാസത്തെ ആക്രമിച്ചയാളാണ്. റുഷ്ദി എഴുതിയ കാര്യങ്ങൾ അധികം അറിയില്ല. എന്നാൽ, യൂട്യൂബ് വിഡിയോകൾ കണ്ടിട്ടുണ്ടെന്നും 15 മിനിറ്റ് നീണ്ട അഭിമുഖത്തിൽ മത്തർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.