മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. യൂറോ വീക്ക്‍ലി ന്യൂസ് ആണ് ഇപ്പോൾ വിവരം പുറത്തുവിട്ടിരിക്കുന്നത്. എപ്പോഴാണ് പുടിനു നേരെ വധശ്രമമുണ്ടായത് എന്ന കാര്യം റിപ്പോർട്ടിൽ പറയുന്നില്ല. പുടിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നും സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.
സുരക്ഷ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പുടിൻ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയതായി മറ്റൊരു വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്തു. ''ഔദ്യോഗിക വസതിയിലേക്കുള്ള യാത്രക്കിടെ, കുറച്ചകലെ വെച്ച് അകമ്പടി പോയ കാറിനെ ഒരു ആംബുലൻസ് തടഞ്ഞുനിർത്തുകയായിരുന്നു.
അകമ്പടി പോയ രണ്ടാമത്തെ കാറിനും മറ്റൊരു രീതിയിൽ തടസ്സം നേരിട്ടു''-എന്നാണ് ചാനൽ റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ജീവൻ അപകടത്തിലാണെന്നുമുള്ള നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താൻ കുറഞ്ഞത് അഞ്ചുതവണയെങ്കിലും വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി 2017ൽ ഒരു പൊതുപരിപാടിക്കിടെ പുടിൻ വെളിപ്പെടുത്തിയിരുന്നു.
യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നഷ്ടവും സമ്പദ്‌വ്യവസ്ഥയിലുണ്ടായ നാശവും ഉൾപ്പെടെയുള്ള നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി പുടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നുള്ള ഒരു കൂട്ടം രാഷ്ട്രീയക്കാർ പാർലമെന്റിനോട് അഭ്യർഥിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം.പുടിന്റെ രാജി ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ മോസ്കോയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നും മറ്റ് നിരവധി പ്രദേശങ്ങളിൽ നിന്നുമുള്ള 65 മുനിസിപ്പൽ പ്രതിനിധികൾ ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.