മോസ്കോ: തങ്ങളുടെ നേർക്കുള്ള വൻ ശക്തികളുടെ ഭീഷണിയുടെ സാഹചര്യത്തിൽ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്ന് റഷ്യൻ ആണവ മേധാവി അലക്സി ലിഖാചേവ്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തിനുമേൽ നിഴൽ വിരിക്കുന്ന ഭീഷണികൾക്കെതിരെ സുരക്ഷ മുൻനിർത്തി പ്രതിരോധമൊരുക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് അലക്സി ലിഖാചേവ് പറഞ്ഞു.
ആണവാക്രമണമുണ്ടാവുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള സന്നാഹങ്ങൾ യു.എസും റഷ്യയും ഒപ്പത്തിനൊപ്പം വികസിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. പുറമെ, ബ്രിട്ടനും ഫ്രാൻസിനുമൊപ്പം ചൈനയും ആണവശേഷി ഉയർത്തുന്നു.
ഇസ്രായേലിന്റെ അയൺ ഡോം ഷീൽഡിന്റേതിനു സമാനമായി ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം യു.എസ് വികസിപ്പിക്കുമെന്ന് കഴിഞ്ഞ മെയിൽ ഡോണൾഡ് പ്രഖ്യാപിച്ചിരുന്നു. ബാലിസ്റ്റിക്, സൂപ്പർ സോണിക് അടക്കമുള്ള അത്യാധുനിക മിസൈലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണിതെന്നും പറയുകയുണ്ടായി. റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികളെ ചെറുക്കുകയാണ് ലക്ഷ്യം.
നിലവിൽ റഷ്യയുടെ പക്കൽ 4300ഉം യു.എസിന്റെ പക്കൽ 3700 ആണവശേഷിയുള്ള യുദ്ധോപകരണങ്ങൾ ഉള്ളതായും ഇത് ലോകത്ത് മൊത്തമുള്ള ആണവായുധങ്ങളുടെ 87 ശതമാനം വരുമെന്നും അടുത്തിടെ ഫെഡറേഷൻ ഓഫ് അമേരിക്കൻ സൈന്റിസ്റ്റ്സ് പുറത്തുവിട്ടിരുന്നു. 600 ആണവയായുധങ്ങളുമായി ചൈന മൂന്നാംസ്ഥാനത്തുണ്ട്. ഫ്രാൻസ് 290, ബ്രിട്ടൻ 225, ഇന്ത്യ 180, പാകിസ്താൻ 170, ഇസ്രായേൽ 90, ഉത്തരകൊറിയ 50 എന്നിങ്ങനെയാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.