ട്രംപിന്റെ വെടിനിർത്തൽ പാളിയോ? യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ മൂന്ന് മരണം

കിയവ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിർത്തൽ നിലനിൽക്കെ യുക്രെയ്നിൽ റഷ്യയുടെ ആക്രമണം. മെയ് ഒമ്പതിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വിവിധ ആക്രമണങ്ങളിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. സപ്പോറീഷ്യ, ഡിനിപ്രോപെട്രോവ്സ്ക്, ഖേഴ്സൺ എന്നീ മേഖലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

ഖേഴ്സൺ മേഖലയിലെ നെസ്ലാംനെ ഗ്രാമത്തിൽ റഷ്യൻ ഡ്രോൺ പതിച്ച് 58 വയസ്സുകാരി കൊല്ലപ്പെട്ടതായി പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചു. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീക്ക് നേരെയായിരുന്നു ആക്രമണം. ഈ മേഖലയിൽ മാത്രം ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സപ്പോറീഷ്യയിൽ ആർട്ടിലറി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിനിപ്രോപെട്രോവ്സ്കിൽ 46 കാരിയാണ് കൊല്ലപ്പെട്ടത്.

എന്നാൽ വെടിനിർത്തൽ ലംഘിച്ചത് യുക്രെയ്നാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ യുക്രെയ്ൻ ആയിരത്തിലധികം തവണ കരാർ ലംഘിച്ചതായും റഷ്യൻ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചതായും മോസ്കോ അറിയിച്ചു. ബെൽഗൊറോഡ്, കുർസ്ക്, ക്രിമിയ തുടങ്ങിയ പ്രദേശങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്ക് തങ്ങൾ 'തക്കതായ മറുപടി' നൽകിയതായും റഷ്യൻ സൈന്യം വ്യക്തമാക്കി.

അതേസമയം റഷ്യ തൊടുത്തുവിട്ട 27 ദീർഘദൂര ഡ്രോണുകളെയും പ്രതിരോധിക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് റഷ്യൻ ഡ്രോണുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

റഷ്യയുടെ യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും സെലെൻസ്‌കിയെ കാണാൻ തയ്യാറാണെന്നും പുടിൻ അടുത്തിടെ സൂചിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ ആക്രമണങ്ങൾ വെടിനിർത്തൽ ചർച്ചകളുടെ ഭാവി ആശങ്കയിലാക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ സ്മരണ പുതുക്കുന്ന മെയ് ഒമ്പതിലെ 'വിക്ടറി ഡേ' ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യയും യുക്രെയനും മൂന്ന് ദിവസത്തെ താൽകാലിക വെടിനിർത്തലിന് ധാരണയായത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് വെടിനിർത്തൽ. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളായിരുന്ന റഷ്യയുടെയും യുക്രെയ്ന്റെയും പങ്ക് കണക്കിലെടുത്താണ് ഇത്തരമൊരു വെടിനിർത്തൽ നിർദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. 

Tags:    
News Summary - Russia kills three Ukrainians in 24 hours, accuses Kyiv of violating truce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.