യുക്രെയ്നിൽ ഹിതപരിശോധന തുടങ്ങിയതായി റഷ്യ; 436 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു

കിയവ്: റഷ്യയോട് കൂട്ടിച്ചേർക്കാനുള്ള ഹിതപരിശോധന യുക്രെയ്നിലെ നാല് പ്രദേശങ്ങളിൽ വെള്ളിയാഴ്ച ആരംഭിച്ചതായി റഷ്യൻ പിന്തുണയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ചവരെ അഞ്ചു ദിവസം വോട്ടെടുപ്പ് തുടരും. അധിനിവേശ പ്രദേശങ്ങളിൽനിന്നുള്ള അഭയാർഥികൾക്കായി റഷ്യയിലും ഹിതപരിശോധന വോട്ടെടുപ്പ് ആരംഭിച്ചു. യുക്രെയ്നും പാശ്ചാത്യരാജ്യങ്ങളും കടുത്ത എതിർപ്പുയർത്തവെ ലുഹാൻസ്‌ക്, ഡൊനെറ്റ്‌സ്‌ക്, കേഴ്സൺ, ഭാഗികമായി റഷ്യൻ നിയന്ത്രണത്തിലുള്ള സപോരിജിയ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് റഷ്യക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്നും പാശ്ചാത്യ സഖ്യകക്ഷികളും ഹിതപരിശോധനയെ അവഗണിക്കുന്നതിനാൽ പ്രദേശങ്ങൾ വേഗത്തിൽ റഷ്യയിൽ ചേരുമെന്നാണ് ക്രെംലിന്റെ പ്രതീക്ഷ.

മൂന്നുലക്ഷം പേർ വരുന്ന റിസർവ് സേനയെ യുക്രെയ്നിൽ അണിനിരത്താനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉത്തരവിന് പിന്നാലെ സൈനിക കേന്ദ്രങ്ങളിൽനിന്ന് പുറപ്പെടുന്ന പുരുഷന്മാരോട് വിടപറയുന്ന കുടുംബങ്ങളുടെ കണ്ണീരണിഞ്ഞ രംഗങ്ങൾ റഷ്യൻ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിറയുകയാണ്.

ഡൊനെറ്റ്സ്ക് മേഖലയിലെ വിഘടനവാദി നേതാവ് ഡെനിസ് പുഷിലിൻ ഹിതപരിശോധനയെ 'ചരിത്രപരമായ നാഴികക്കല്ല്' എന്ന് വിശേഷിപ്പിച്ചു. വെള്ളിയാഴ്ച ഓൺലൈനിൽ അധിനിവേശ പ്രദേശങ്ങളെ അഭിസംബോധന ചെയ്ത റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡുമയുടെ സ്പീക്കർ വ്യാഷെസ്ലാവ് വോളോദിൻ 'നിങ്ങൾ റഷ്യൻ ഫെഡറേഷന്റെ ഭാഗമാകാൻ തീരുമാനിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ പിന്തുണക്കുമെന്ന് വ്യക്തമാക്കി.

അതേസമയം, ഖാർകിവ് മേഖലയിലെ കിഴക്കൻ പട്ടണമായ ഇസിയത്തിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന് യുക്രെയ്ൻകാരുടെ 436 മൃതദേഹങ്ങൾ പുറത്തെടുത്തതായി യുക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ 30 എണ്ണത്തിൽ ക്രൂരമായ പീഡനത്തിന്റെ ലക്ഷണങ്ങളുണ്ടെന്നും വാർത്താ ഏജൻസി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഈ മാസം യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച പ്രദേശത്ത് മൂന്ന് കുഴിമാടങ്ങൾകൂടി കണ്ടെത്തിയതായും ഖാർകിവ് മേഖല ഗവർണർ ഒലെ സിനിഹുബോവ്, പൊലീസ് മേധാവി വോളോദിമിർ തിമോഷ്‌കോ എന്നിവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Russia begins referendum in Ukraine; 436 bodies were recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.